ദീപിക 'എന്റെ ഭാഷ എന്റെ പത്രം' പദ്ധതിക്ക് ചാലിയാറില്‍ തുടക്കമായി
Wednesday, March 25, 2015 5:52 AM IST
നിലമ്പൂര്‍: മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപിക 2015 മാതൃഭാഷാ പ്രചാരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ദീപിക എന്റെ ഭാഷാ എന്റെ പത്രം പദ്ധതിക്ക് ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വിദ്യാഭ്യാസമേഖലകളില്‍ ദീപിക നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മലയാളഭാഷാ പ്രചാരണത്തിന്റെ ഭാഗമായി വായനക്ക് കൂടുതല്‍ അവസരം ഒരുക്കുന്ന എന്റെ ഭാഷാ എന്റെ പത്രം പദ്ധതി ഏറെ ശ്ളാഘനീയമാണെന്നും ലിസി ജോസഫ് പറഞ്ഞു. കുടുംബശ്രീ അടക്കമുള്ള മേഖലകളിലേക്ക് ദീപിക പത്രം എത്തിക്കുവാനുള്ള ശ്രമം വനിതകള്‍ക്കിടയില്‍ വായനാശീലം കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഏറെ പ്രചോദനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി കൊളേകന്‍ മറൈന്‍ പ്രോഡക്ട്സ് മാനേജിംഗ് പാര്‍ട്ണര്‍ എം.വി.ഹരിദാസ് ദീപിക പത്രം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിനു കൈമാറി. വികസന സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.റഷീദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി.ഉസ്മാന്‍, സുരേഷ് തോണിയില്‍, സെമിയ കണ്ണംഞ്ചിത്ത്, ചാലിയാര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പോള്‍ ഇഞ്ചനാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കോരങ്കോട് കൃഷ്ണന്‍കുട്ടി, മുസ്്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി.കെ.ഹുസൈന്‍, ഡിവൈഎഫ്ഐ നിലമ്പൂര്‍ ബ്ളോക്ക് സെക്രട്ടറി സഹില്‍ അകമ്പാടം, അകമ്പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ ഇന്‍ചാര്‍ജ് ബെന്‍സി ലാല്‍, ചാലിയാര്‍ കുടുംബശ്രീ പ്രസിഡന്റ് ബീന ആന്റണി, ഷെരീഫ് ആറങ്കോട്, സെന്റ് ആന്‍സ് എഡ്യൂക്കേഷണല്‍ ട്രസ്റ് ചെയര്‍മാന്‍ എബിന്‍ ടോമി, ദീപിക എജിഎം(സര്‍ക്കുലേഷന്‍) ഡി.പി.ജോസ്, കോഴിക്കോട് യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ പ്രിന്‍സി ജോസ്, നിലമ്പൂര്‍ ലേഖകന്‍ തോമസുകുട്ടി ചാലിയാര്‍, ഏരിയ മാനേജര്‍ എം.എ. വിറ്റാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി വായനശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവടങ്ങളില്‍ പത്രമെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.