റോക്ക്ലാന്‍ഡില്‍ സപ്തതി പിന്നിട്ടവര്‍ക്ക് ആദരം
Wednesday, March 25, 2015 5:50 AM IST
സഫേണ്‍ (ന്യൂയോര്‍ക്ക്): കുടിയേറ്റ ഭൂവില്‍ സഭയുടെ ഭദ്രാസനത്തിന്റെ വളര്‍ച്ച അഭൂത പൂര്‍വമായിരുന്നു. ഇപ്പോള്‍ സീനിയേഴ്സ് ആയിരിക്കുന്ന നിങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ അധ്വാനവും സമര്‍പ്പണ മനോഭാവവുമാണ് എല്ലാത്തിനും കാരണം. തന്റെ മുന്നിലിരിക്കുന്ന സപ്തതി പിന്നിട്ടവരെ ആദരിക്കാന്‍ കൂടിയ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍ നിക്കോളോവോസ്.

റോക്ലാന്‍ഡ്, വെസ്റ് ചെസ്റര്‍, ബ്രോങ്ക്സ്, അപ്സ്റേറ്റ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ 17 ഇടവകകളില്‍നിന്നുളള 107 സീനിയേഴ്സിനെ ആദരിക്കുവാന്‍ സഫേണിലുളള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വൈദികരും കൌണ്‍സില്‍ അംഗങ്ങളും ഭദ്രാസന പ്രതിനിധികളും നിറഞ്ഞ സദസായിരുന്നു വേദി.

ചരിത്രം നില കൊളളുന്നതു ജീവിതങ്ങളിലാണ്. സീനിയേഴ്സായ നിങ്ങളുടെ ജീവിതം അംഗീകരിക്കപ്പെടേണ്ടതാണ്. അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളും മലങ്കര സഭയുടെ അഭിമാനഗോപുരങ്ങളാണ്. സഭയുടെ ഈ പ്രസ്റീജ് ഭദ്രാസനങ്ങളുടെ ജീവിതാത്മാവ് എന്നു പറയുന്നതു നിങ്ങളാണ്.

പുതിയ ദേശത്ത് ചരിത്രമെഴുതിയവര്‍ക്കു വേരുകള്‍ പിടിപ്പിച്ചവര്‍ക്കു നന്ദി രേഖപ്പെടുത്തിയാണു മാര്‍ നിക്കോളോവോസ് അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചത്.

സെന്റ് മേരീസ് ജൂണിയര്‍ ഗായക സംഘത്തിന്റെ പ്രാര്‍ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ് ആദരവ് ചടങ്ങ് സമര്‍പ്പിക്കുകയും എന്തിനിതു ചെയ്യുന്നു എന്നതിനെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുകയും ചെയ്തു.

തുടര്‍ന്നു ഈസ്റേണ്‍ ഓര്‍ത്തഡോക്സിയില്‍ അധിഷ്ഠിതമായ ഐക്കണോഗ്രഫിയില്‍ തീര്‍ത്ത പ്രശംസാഫലകങ്ങള്‍ മാര്‍ നിക്കോളോവോസ് വിതരണം ചെയ്തു. സെന്റ് മേരീസ് ഇടവക സെക്രട്ടറി എലിസബത്ത് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ട്രസ്റി ജോണ്‍ ജേക്കബ്, സജി എം. പോത്തന്‍, സജന്‍ എം. പോത്തന്‍ എന്നിവര്‍ പ്രശംസാഫലക വിതരണത്തിന്റെ കോ- ഓര്‍ഡിനേഷന്‍ നിര്‍വഹിച്ചു.

ആദരിക്കപ്പെട്ടവരെ പ്രതിനിധീകരിച്ച് പോര്‍ട്ട് ചെസ്റര്‍ സെന്റ് ജോര്‍ജ് ഇടവകയിലെ എം.വി. ഏബ്രഹാം മറുപടി പ്രസംഗം നടത്തി. ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് അനുമോദനങ്ങള്‍ നേര്‍ന്നു സംസാരിച്ചു. സെന്റ് മേരീസ് ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസ് സ്വാഗതവും പ്രോഗ്രാം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോര്‍ജ് തുമ്പയില്‍ മോഡറേറ്ററായിരുന്നു.

കൌണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ഡാനിയേല്‍, ഡോ. സാക്ക് സഖറിയ, അജിത് വട്ടശേരില്‍, അല്മായ ട്രസ്റി വര്‍ഗീസ് പോത്താനിക്കാട് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിളളില്‍ എന്നിവരും ചടങ്ങില്‍ ഉപവിഷ്ടരായിരുന്നു.

ആദരവു സമ്മേളനം വിജയിപ്പിക്കുവാന്‍ സെന്റ് മേരീസ് ഇടവക ഭരണസമിതിയും ഇടവകാംഗങ്ങളും വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരുന്നത്. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.