കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പ്രസംഗിക്കുന്നു
Wednesday, March 25, 2015 4:44 AM IST
ഡാളസ്: ഭാരതീയ പൈതൃകത്തിന്റെ സമഗ്രമായ സംഭാവനകളെയും കാലികമായ പ്രസക്തിയെയും കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറും പ്രശസ്ത മലയാള ശാസ്ത്ര ഗവേഷകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ കെഎച്ച്എന്‍എ ഡാളസ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നു.

ഡോ. എന്‍. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ നാലു ദശകങ്ങളായി വടക്കേ അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലും, പൊതുവേദികളിലും വേദസംസ്കാരത്തിന്റെ വൈജ്ഞാനിക വൈപുണ്യത്തെക്കുറിച്ച് അസംഖ്യം പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഹൈന്ദവസംഘടനകളുടെ അഭ്യര്‍ഥന മാനിച്ച് ഒരു ചെറിയ ഇടവേളയ്ക്കുശേഷം അമേരിക്കയിലെത്തുന്ന അദ്ദേഹം ഭാരതീയ തത്വചിന്തയുടെ യുക്തിഭദ്രതയെയും ദര്‍ശനങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന ആചാരസംഹിതകളെയും അടിസ്ഥാനമാക്കി വിവിധ വേദികളില്‍ അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു.

സമ്മേളനവേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതിക്കുവേണ്ടി റ്റി.എന്‍. നായര്‍, റെനില്‍ രാധാകൃഷ്ണന്‍, ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു. സുരേന്ദ്രന്‍ നായര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം