ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോന ഉദ്ഘാടനം ചെയ്തു
Wednesday, March 25, 2015 4:43 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവക, ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 2006 സെപ്റ്റംമ്പര്‍ മൂന്നിന് ഉദ്ഘാടനം ചെയ്ത ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് കത്തോലിക്ക ഇടവക 2015 മാര്‍ച്ച് 22നാണ് ഫൊറോനയായി ഉയര്‍ത്തപ്പെട്ടത്. നാലു ദിവസത്തെ ഭക്തിസാന്ദ്രമായ നോമ്പ്കാല വാര്‍ഷികധ്യാനത്തിന്റെ സമാപനത്തോടനുബന്ധിച്ച് അഭിവന്ദ്യരായ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റേയും, മാര്‍ ലോറെന്‍സ് മൂക്കുഴി പിതാവിന്റേയും, മറ്റനേകം വൈദികരുടേയും, കന്യാസ്ത്രീകളുടേയും, ഇടവകക്കാരും അല്ലാത്തവരുമായ ആയിരക്കണക്കിനു ക്നാനായമക്കളുടേയും നിറസാന്നിധ്യത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫൊറോനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഷിക്കാഗോയിലെ സഹോദര ദേവാലയമായ സെന്റ് മേരീസ് ക്നാനായ ഇടവകയിലെയും ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ ഇടവകയിലെയും മിനിസ്സോട്ട ക്നാനായ മിഷനിലേയും, അയല്‍ രാജ്യമായ കാനഡയിലെ ടൊറന്‍ന്റോ സെന്റ് മേരീസ് ക്നാനായ മിഷനില്‍നിന്നുമായി ഒഴുകിയെത്തിയ ജനസഞ്ചയത്തോടൊപ്പം, സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍, പള്ളിയും പരിസരവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ബെല്‍ത്തങ്ങാടി മെത്രാന്‍ മാര്‍ ലോറന്‍സ് മൂക്കുഴി, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫൊറോന വികാരി ഫാ. എബ്രാഹം മുത്തോലത്ത്, അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര, വാര്‍ഷികധ്യാനം നയിച്ച റവ. ഫാ. ജോ പാച്ചേരി, ഡിട്രോയിട്ട് ക്നാനായ വികാരി ഫാ. ഫിലിപ് രാമച്ചനാട്ട്, മിനിസ്സോട്ട ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു പാട്ടശേരില്‍, ടൊറന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറയില്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും അര്‍പ്പിച്ച വിശുദ്ധബലി, ഒരു രൂപതയുടെ ഉദ്ഘാടനത്തിന്റെ പ്രതീതി ഉളവാക്കി. ദിവ്യബലിമധ്യേ, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകയെ ഫൊറോനയായും, ഫാ. എബ്രാഹം മുത്തോലത്തിനെ പ്രഥമ ഫൊറോന വികാരിയായും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫൊറോന സ്ഥാപിച്ചുകൊണ്ടുള്ള അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ കല്പന ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത് വായിച്ചു. തുടര്‍ന്ന് കല്പന അങ്ങാടിയത്ത്, മുത്തോലത്തച്ചനെ ഏല്‍പ്പിക്കുകയും ചെയ്തു. അതിനുശേഷമുള്ള വചനസന്ദേശത്തില്‍, ലോറന്‍സ് മൂക്കുഴി പിതാവ് ഫൊറോനാ എന്താണെന്നും, അതിന്റെ ഉത്തരവാദിത്വങ്ങള്‍ എന്താണെന്നും വിശദീകരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നിലവിളക്കുകൊളുത്തി ഫൊറോനായുടെ ഔദ്യാഗിക ഉദ്ഘാടനം നടത്തുകയും, തുടര്‍ന്നു നടന്ന അനുമോദന സന്ദേശത്തില്‍, മാര്‍ ജോയ് ആലപ്പാട്ടും മാര്‍ ലോറന്‍സ് മൂക്കുഴിയും, നോര്‍ത്ത് അമേരിക്കന്‍ ക്നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ഫാ. തോമസ് മുളവനാലും, ഫൊറോന വികാരി മുത്തോലത്തച്ചനേയും ഇടവകാംഗങ്ങളേയും അഭിനന്ദിച്ച് അനുമോദന സന്ദേശങ്ങള്‍ നല്‍കി.

ശ്രുതിമധുരമായ ആത്മീയഗാനശുശ്രൂഷകളാല്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കിയ ഗായകസംഘത്തിന് നേത്രുത്വം നല്‍ക്കിയതു സജി മാലിതുരുത്തേല്‍, ജോയ് കുടശ്ശേരി, എറിക് പോട്ടൂര്‍, സൂരജ് കോലടി, ലൂസി കണിയാലി, സിജി പണയപറമ്പില്‍, സിന്ധു മുകളേല്‍ എന്നിവരാണ്. ആഹോഷങ്ങള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉദ്്ഘാടനത്തില്‍ സജീവവമായി പങ്കെടുത്ത്, ഇത് ഒരു അനുഗ്രഹപ്രഥവും ചരിത്രസംഭവുമാക്കിയ എല്ലാ വിശ്വാസികള്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി