ഫാ. ജോയി തോട്ടങ്കര നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍
Tuesday, March 24, 2015 5:47 AM IST
ഓക്ലന്റ്: ന്യൂസിലന്‍ഡിലെ സീറോ മലബാര്‍ സഭാ സമൂഹങ്ങളുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ഓക്ലന്റ് സീറോ മലബാര്‍ മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ നിയമിതനായി.

ന്യൂസിലന്‍ഡിലെ അപ്പസ്തോലിക് വിസിറ്റേറ്ററായ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെയും സീറോ മലബാര്‍ സഭ സിനഡിന്റെയും നിര്‍ദേശാനുസരണം ന്യൂസിലന്‍ഡ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനായ വെല്ലിംഗ്ടണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോണ്‍ ഡ്യൂ ആണു നിയമന ഉത്തരവ് നല്‍കിയത്.

മാര്‍ച്ച് 22നു(ഞായര്‍) എല്ലസ്ലി കാത്തലിക് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ നിയമന ഉത്തരവ് വായിക്കുകയും ഫാ. ജോയിക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

സീറോ മലബാര്‍ സമൂഹത്തിനുവേണ്ടി സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ റെജി ചാക്കോ പൂച്ചെണ്ട് നല്‍കി. തുടര്‍ന്നു നടന്ന പാരിഷ് കൌണ്‍സില്‍.യോഗം ഫാ. ജോയി തോട്ടങ്കരയെ അനുമോദിക്കുകയും ബന്ധപ്പെട്ട അധികാരികളോടുള്ള ഓക് ലന്റ് സീറോ മലബാര്‍ സമൂഹത്തിന്റെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഓക്ലന്റിലെ മുഴുവന്‍ സീറോ മലബാര്‍ സമൂഹത്തിനുമുള്ള ഒരു അംഗീകാരമായി നിയമനത്തെ കാണുന്നുവെന്നു ഫാ. ജോയി തോട്ടങ്കര പറഞ്ഞു.

ന്യൂസിലന്റിലെ വിവിധ സീറോ മലബാര്‍ സമൂഹത്തിലെ ചാപ്ളെയിന്മാരേയും അല്‍മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കൌണ്‍സില്‍ രൂപവത്കരിച്ച് സഭയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നു ഫാ. ജോയി തോട്ടങ്കര അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍