'സാമാജികര്‍ക്ക് സമനില തെറ്റുമ്പോള്‍' സംവാദം ശ്രദ്ധേയമായി
Tuesday, March 24, 2015 5:44 AM IST
ജിദ്ദ: കേരള നിയമസഭയില്‍ മാര്‍ച്ച് 13നു നടന്ന സംഭവവികസങ്ങളെ ആസ്പദമാക്കി ഒഐസിസി റുവൈസ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'സാമാജികര്‍ക്കു സമനില തെറ്റുമ്പോള്‍' എന്ന പരിപാടി ശ്രദ്ധേയമായി.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ഏറെ ആദരവോടെയും ബഹുമാനത്തോടെയും കാണേണ്ട സ്പീക്കറുടെ ഡയസ് ഉള്‍പ്പെടെ പൊതുമുതല്‍ നശിപ്പിച്ച നടപടി ജനാധിപത്യ കേരളത്തിനു അപമാനകരമാണെന്നു ചടങ്ങില്‍ സംസാരിച്ച കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും ഒടെപെക് ചെയര്‍മാനുമായ കെ.പി. മുഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സമരം അഴിമതിക്കെതിരേയുള്ള സമരമാണ്, നിയമസഭയിലെ സംഭവങ്ങളെ എതിര്‍ക്കുന്നവര്‍ അഴിമതിയുടെ കാര്യത്തില്‍ മൌനം പാലിക്കുന്നത് നല്ല ജനാധിപത്യത്തിന്‍ ഭൂഷണമല്ലെന്ന് മുഹമ്മദലി ന്യൂ ഏജ് അഭിപ്രായപ്പെട്ടു

അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്തതു ജനാധിപത്യ സംവിധാനത്തിന്റെ മൂല്യത്തകര്‍ച്ചയും. ഫലപ്രദമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതു ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മൂല്യതകര്‍ച്ചയുമാണ് കാണുന്നതെന്നു നവധാര പ്രതിനിധി ഗഫൂര്‍ ചുങ്ങതര അഭിപ്രായപ്പെട്ടു.

ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും കണ്ട സംഭവങ്ങളെ നിരാകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നതിലൂടെ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകുകയാണെന്നു മാധ്യമ പ്രതിനിധി ഷകീര്‍ അകൊട് പറഞ്ഞു.

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം അഭിലഷണീയമല്ലെന്നും അക്രമത്തിലും ബഹളത്തിലും മുടങ്ങിയതു വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന വിഷയമായ ബജറ്റ് ആണെന്നും ഷാനവാസ് തലപ്പില്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി റീജണല്‍ വൈസ് പ്രസിഡന്റ് ഷറഫുധീന്‍ കായംകുളം ആശംസ അര്‍പ്പിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് സലിം കന്നനംകുഴി വിഷയം അവതരിപ്പിച്ചു. ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹക്കീം പറക്കല്‍ മോഡറേറ്റര്‍ ആയിരുന്നു. ഉമ്മര്‍കോയ മഹാവി സ്വാഗതവും രാജേഷ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍