എസ്എന്‍ഡിപി ആസ്ഥാന മന്ദിരോദ്ഘാടനവും ഗുരുദേവ ക്ഷേത്ര സമര്‍പ്പണവും
Monday, March 23, 2015 8:09 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രാണ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും രോഹിണി ഗുപ്ത കോളനിയിലെ ശ്രീ നാരായണ ഗുരുദേവ നഗറില്‍ മാര്‍ച്ച് 23 മുതല്‍ 29 വരെ വിപുലമായ പരിപാടികളോടെ നടക്കും.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, ഡോ. ഹര്‍ഷവര്‍ദ്ധന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍, എം.എ. യൂസഫലി, വയലാര്‍ രവി തുടങ്ങിയവര്‍ പങ്കെടുക്കും.

23നു വൈകുന്നേരം അഞ്ചിനു ക്ഷേത്രാചാര ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ വിഗ്രഹ എഴുന്നെള്ളിപ്പും സ്വീകരണവും. 24നു രാവിലെ 10 ന് ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു കോട്ടയം ശ്രീനാരായണ പ്രസാദിന്റെ നേതൃത്വത്തില്‍ താന്ത്രിക കര്‍മാരംഭം. 25നു ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം. വൈകുന്നേരം ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളെ യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍ പൂര്‍ണ കുംഭം നല്‍കി സ്വീകരിക്കും. നാലിനു ദിവ്യജ്യോതിസ് പ്രയാണം. അഞ്ചിന് ദിവ്യജ്യാതിസ് പ്രതിഷ്ഠയും ദര്‍ശനവും നടക്കും.

26നു രാവിലെ 10.30നു ശേഷമുള്ള ശുഭമുഹുര്‍ത്തത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രാണപ്രതിഷ്ഠ താന്ത്രികാചാര്യന്‍ ശ്രീനാരായണ പ്രസാദിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിക്കും. തുടര്‍ന്നു താഴികക്കുടം പ്രതിഷ്ഠ നടക്കും.

യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ. അനില്‍ കുമാര്‍ ആദ്യ കാണിക്ക സമര്‍പ്പണം നടത്തും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പ്രാര്‍ഥനാ ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 ന് യോഗം യൂത്ത് മൂവ്മെന്റ് സ്ഥാപക പ്രസിഡന്റ് എസ്. സുവര്‍ണ കുമാര്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. തുടര്‍ന്ന് ആസ്ഥാനമന്ദിര ക്ഷേത്ര നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ടി.പി. മണിയപ്പന്‍, കെ.ജി. സുനില്‍, എന്‍. സുരേന്ദ്രന്‍, എം.കെ. അനില്‍ കുമാര്‍, ടി.എസ്. അനില്‍ എന്നിവരെ ആദരിക്കും.

27നു വിശേഷാല്‍ പൂജകള്‍ക്കുശേഷം വനിതാ സംഘം പ്രസിഡന്റ് ഓമന മധുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യൂത്ത്, വനിതാ, ബാലജന സമ്മേളനത്തില്‍ കേരള റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ബീനാ ബാബുറാം, പ്രശാന്ത് രഘുവംശം, ജയന്‍ കെ.ഒ, എസ്. സുവര്‍ണകുമാര്‍, എ.കെ. ഭാസ്കരന്‍, സുമതി ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

28നു രാവിലെ മുതല്‍ വിശേഷാല്‍പൂജകള്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയില്‍ ശ്രീനാരായണ സാഹിത്യ, ധര്‍മ മീമാംസാ, സാംസ്കാരികസമ്മേളനം. അഡ്വ. സി.കെ. വിദ്യാസാഗര്‍, ഡി. വിജയമോഹനന്‍, എന്‍. അശോകന്‍, ഓംചേരി എന്‍.എന്‍. പിള്ള, സി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

29നു വൈകുന്നേരം നാലിന് സമര്‍പ്പണ സമ്മേളനത്തിന് എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിക്കും. തുടര്‍ന്നു ക്ഷേത്ര സമര്‍പ്പണവും യൂണിയന്‍ ഓഫീസ് ഉദ്ഘാടനവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.

ഡല്‍ഹി യൂണിയന്റെ കീഴിലുള്ള ദേശീയ തലസ്ഥാന മേഖലയിലെ 26 ശാഖകളില്‍നിന്നും കുടുംബാംഗങ്ങള്‍ എത്തിച്ചേരുമെന്ന് ഡല്‍ഹി യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു.

വിവരങ്ങള്‍ക്ക് 9818144298.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി