മെര്‍ലിന്‍ അവാര്‍ഡിനൊപ്പം ഡോക്ടറേറ്റും; അപൂര്‍വ നേട്ടവുമായി മലയാളി വൈദികന്‍
Monday, March 23, 2015 5:09 AM IST
ഹൂസ്റണ്‍: മാജിക്രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്കാരമായ മെര്‍ലിന്‍ അവാര്‍ഡ് ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ ചെയര്‍മാനും സിഇഒയുമായ ടോണി ഹസിനിയില്‍നിന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി ഫാ. സജു മാത്യു ഏറ്റുവാങ്ങിയപ്പോള്‍ ഹൂസ്റണ്‍ ഇമ്മാനുവല്‍ സെന്റര്‍ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

ഓസ്കര്‍ ട്രോഫിയുടെ മാതൃകയിലുളള മെര്‍ലിന്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണു മെര്‍ലിന്‍ അവാര്‍ഡ്. തുടര്‍ന്നു ടോണി ഹസിനി റവ. ഡോ. സജുവിനു ഡോക്ടര്‍ ഓഫ് മാജിക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

മെര്‍ലിന്‍ അവാര്‍ഡിന്‍െ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വൈദികന്‍ ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഗോസ്പല്‍ മാജിക് വിഭാഗത്തിലാണ് ഫാ. സജുവിന് അവാര്‍ഡ് ലഭിച്ചത്. ഇതോടൊപ്പം ഡോക്ടര്‍ ഓഫ് മാജിക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചപ്പോള്‍ അത് ഒരു ഇരട്ടിമധുരവും അപൂര്‍വനേട്ടവുമായി മാറി. ആഗോളതലത്തില്‍ ആദ്യമായാണ് ഒരു വൈദികനു മാജിക്കില്‍ ഡോക്ടറേറ്റ് ലഭിക്കുന്നത്.

ആഗോളതലത്തില്‍ 37,000 മജീഷ്യന്മാര്‍ അംഗങ്ങളായുളള ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി 1968 മുതലാണു പ്രവര്‍ത്തനമാരംഭിച്ചത്. മെര്‍ലിന്‍ അവാര്‍ഡ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനും മൂന്നാമത്തെ മലയാളിയും എന്ന ബഹുമതിയും ഫാ. സജു സ്വന്തമാക്കി. പ്രഗല്ഭ മജീഷ്യന്മാരായ പി.സി. സര്‍ക്കാര്‍, ഗോപിനാഥ് മുതുകാട്, മജീഷ്യന്‍ സാമ്രാജ് എന്നിവരാണ് ഈ അവാര്‍ഡ് നേടിയവര്‍. ഇന്റര്‍നാഷണല്‍ മജീഷ്യസ് സൊസൈറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചവരില്‍ മൂന്ന് ഇന്ത്യക്കാര്‍ മാത്രമേയുളളൂ റവ. ഡോ. സജുവിന് മുന്‍ഗാമികളായി. പി.സി. സര്‍ക്കാര്‍ സീനിയര്‍, പി.സി. സര്‍ക്കാര്‍ ജൂണിയര്‍, ഗോപിനാഥ് മുതുകാട് എന്നിവരാണ്.

സമ്മേളനത്തില്‍ രാജന്‍ ദാനിയേല്‍ സ്വാഗതം ആശംസിച്ചു. ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വൈസ് പ്രസിഡന്റ് ജോജി ജോണ്‍, സ്റാഫോര്‍ഡ് സിറ്റികൌണ്‍സില്‍ മാന്‍ കെന്‍ മാത്യു, ആഴ്ചവട്ടം ന്യൂസ് ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കാക്കനാട്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണ്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്, വൈദിക സമൂഹത്തെ പ്രതിനിധീകരിച്ച് ട്രിനിറ്റി മാര്‍ത്തോമ ഇടവക വികാരി ഫാ. കൊച്ചുകോശി ഏബ്രഹാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഫാ. സജുവിന്റെ സ്വദേശമായ പത്തനാപുരം ചാച്ചിപുന്ന നിവാസികളെ പ്രതിനിധീകരിച്ച് ഷാജു മോന്‍ ഇടിക്കുള ആശംസയര്‍പ്പിച്ചു പൊന്നാട അണിയിച്ചു.

തുടര്‍ന്നു നടത്തിയ മറുപടിപ്രസംഗത്തില്‍ സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന മാജിക് യാത്രയില്‍ വ്യാപരിക്കുന്ന ദൈവകൃപയ്ക്ക്, ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം തനിക്കു പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന സഹധര്‍മണി ബിന്‍സി, മക്കളായ ജോയലിനും ജോയന്നായ്ക്കും മാതാപിതാക്കള്‍ക്കും മെര്‍ലിന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും തന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഇമ്മാനുവല്‍ കുടുംബത്തിനും ഡോക്ടറേറ്റ് ഡിഗ്രി സമര്‍പ്പിക്കുന്നുവെന്നും റവ. ഡോ. സജു മാത്യു പറഞ്ഞു.

ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക ട്രസ്റി ജോയി എന്‍. ശാമുവല്‍ നന്ദി പറഞ്ഞു. റവ. കെ.ബി. കുരുവിളയുടെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനുശേഷം സമ്മേളനം അവസാനിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി