പുഷ്പവിഹാര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു
Monday, March 23, 2015 5:07 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഒമ്പതാമത് തിരുവുത്സവം സമാപിച്ചു. മാര്‍ച്ച് 22നു(ഞായര്‍) പുലര്‍ച്ചെ 4.30നു നടന്ന ഗണപതിഹോമത്തോടെ ഉത്സവച്ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്നു 41 പരികലശങ്ങളും മൂന്നു ഖണ്ഠബ്രഹ്മ കലശവും വച്ചുള്ള കലശ പൂജ രാവിലെ 9.30നു ആരംഭിച്ചു. കലശാഭിഷേകത്തിനുശേഷം പഞ്ചവാദ്യ മേളാഘോഷത്തോടെ കലശങ്ങള്‍ ക്ഷേത്ര ശ്രീകോവിലിലേക്കു എഴുന്നള്ളിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഭഗവാനു കലശാഭിഷേകവും നടത്തി.

പ്രധാന പൂജകള്‍ക്കു ക്ഷേത്ര തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി നേതൃത്വം നല്‍കി. കുഞ്ഞിരാമന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന ഉത്സവ സദ്യക്കു ആയിരത്തില്‍പരം ഭക്തജനങ്ങള്‍ പങ്കെടുത്തു.

വൈകുന്നേരം പുഷ്പവിഹാര്‍ സെക്ടര്‍ ഒന്നിലെ ശിവക്ഷേത്രത്തില്‍നിന്നും ഫേസ് രണ്ടിലെ ശിവക്ഷേത്രത്തില്‍നിന്നും ആരംഭിച്ച എഴുന്നള്ളിപ്പു ക്ഷേത്രനടയില്‍ വൈകുന്നേരം 7.30 ഓടുകൂടി എത്തിച്ചേര്‍ന്നു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരും പമ്പമേളത്തോടുകൂടിയ ഗജവീരന്മാരും പമ്പമേളത്തോടുകൂടിയ അമ്മന്‍കുടങ്ങളും നൂറുകണക്കിനു സ്ത്രീകള്‍ താലപ്പൊലികളും ഏന്തി എഴുന്നള്ളിപ്പില്‍ പങ്കെടുത്തു. കരിമരുന്നു കലാപ്രകടത്തോടുകൂടി ഉത്സവം സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്