യൂസഫലി കേച്ചേരി മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സംസ്കാരത്തിന്റെ വിശാലത ഉള്‍കൊണ്ട കവി: സാരംഗി റിയാദ്
Monday, March 23, 2015 5:02 AM IST
റിയാദ്: മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സംസ്കാരത്തിന്റെ വിശാലതയെ ഉള്‍ക്കൊള്ളാന്‍ മടികാണിക്കാത്ത ആളായിരുന്നു യൂസഫലി കേച്ചേരിയെന്നു സാരംഗി സാംസ്കാരികവേദി റിയാദ് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ മുഖ്യ അനുസ്മരണം നടത്തിയ സലിം കളക്കര അഭിപ്രായപ്പെട്ടു.

അംഗീകാരവും അവാര്‍ഡുകളും നേടാന്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍ബലം ആവശ്യമില്ലാത്തത്രതന്നെ കവിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. മതസങ്കുചിതവാദികളുടെ നിന്ദയും തന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ സ്തുതിയും ഒരേ പുഞ്ചിരിയോടെ സ്വീകരിക്കാനുള്ള കഴിവും പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.

സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന അദ്ദേഹം സൈനബ, സ്തന്യ, ബ്രഹ്മം, ആയിരം നാവുള്ള മൌനം (കവിതാ സമാഹാരം), അഞ്ചുകന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നീ കൃതികള്‍ ഓര്‍മിക്കപ്പെടുമെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൌതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രെെസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള യൂസഫലി കേച്ചേരിയെ മലയാളവും മലയാളിയും ഉള്ള കാലം വരെ സ്മരിക്കുമെന്നും അനുശോചനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യഷത വഹിച്ച യോഗത്തില്‍ സലിം കളക്കര, നാസര്‍ കല്ലറ, രാജന്‍ നിലമ്പൂര്‍, അക്ബര്‍ ആലംകോട്, സലാം തെന്നല, ജമാല്‍ എരിഞ്ഞി, ഷംസു, സക്കീര്‍ ദാനത്ത്, അബ്ദുള്‍ സലാം ഇടുക്കി, ഉമ്മര്‍. തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.