ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങാവുകയാണ്: എ. സമ്പത്ത് എംപി
Sunday, March 22, 2015 7:06 AM IST
കുവൈറ്റ് സിറ്റി: അഴിമതിയുടെ സര്‍വവ്യാപനം ഒരു തീരാക്കളങ്കമായി നമ്മുടെ ഭരണകൂടങ്ങളെ കീഴടക്കിയിരിക്കുകയാണെന്ന് എ.സമ്പത്ത് എംപി. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈറ്റ് സംഘടിപ്പിച്ച ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് 'അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളളപ്പണത്തിന്റെ പെറ്റുപെരുകല്‍ നമ്മുടെ രാജ്യത്തി}ു നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ അധികരിക്കുകയാണ്. രാജ്യത്തിന്റെ പൊതുമുതല്‍ കട്ടുമുടിക്കുന്നതില്‍ ഭരിക്കുന്നവര്‍ മല്‍സരിക്കുന്നു. കോര്‍പറേറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് രാജ്യത്തു ഭരണം നടക്കുന്നത്. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന ആളുകള്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ വരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി രാജ്യത്തെ മുതലാളിമാര്‍ക്ക് വേണ്ടിയുളളതാണ്.

വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം അഴിമതിയുടെ വേറൊരു മുഖം തുറന്നുകാട്ടുകയാണ്. വിദ്യാഭ്യാസ മേഖലയേയും ആരോഗ്യ മേഖലയേയും സ്വകാര്യമേഖലയ്ക്ക് തീറെഴുതികൊടുക്കുന്നു.സേവന മേഖലകള്‍ക്ക് ബജറ്റില്‍ വകയിരുത്തുന്ന തുക സര്‍ക്കാര്‍ പിന്നീട് വകമാറ്റി ചെലവാക്കുന്നു. ഇതു ദരിദ്ര ജനകോടികളുടെ ആശയും അഭിലാഷവും തകര്‍ക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറി ബിജെപി സര്‍ക്കാര്‍ വന്നതിലൂടെ അഴിമതി കുറഞ്ഞില്ല എന്നു മാത്രമല്ല വര്‍ഗീയ അജന്‍ഡകള്‍ കൂടി നടപ്പാവാന്‍ തുടങ്ങി.

രാജ്യത്തിനു വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോടു തികച്ചും നിരുത്തരവാദപരമായ സമീപനം ആണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വിദേശ ഇന്ത്യക്കാരുടെ ശരിയായ കണക്കുപോലും സര്‍ക്കാരിന്റെ കൈവശം ഇല്ല. സമരങ്ങളെ വിമര്‍ശിക്കുന്നവര്‍ സമരങ്ങളുടെ മഹാ പ്രവാഹത്തിലൂടെയാണു നാം ഇന്നു കാണുന്ന രീതിയിലേക്കു വളര്‍ന്നുവന്നത് എന്നു സൌകര്യപൂര്‍വം മറക്കുകയാണ്. വിമര്‍ശനങ്ങളെ വൈകാരികമായി കാണുന്ന ആളുകളുടെ എണ്ണം കൂടിവരികയാണെന്നും സമ്പത്ത് പറഞ്ഞു.

അനുസ്മരണ സമ്മേളനത്തില്‍ കല പ്രസിഡന്റ് ടി.വി. ഹിക്മത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് സ്റാലിന്‍ കെ. ഫ്രാന്‍സിസ് കുറിപ്പ് അവതരിപ്പിച്ചു. മരണമടഞ്ഞ ഇടതുപക്ഷ സഹയാത്രികന്‍കൂടിയായ പ്രഫ. നൈനാന്‍ കോശിയെ അനുസ്മരിച്ചുകൊണ്ട് വികാസ് കീഴാറ്റൂര്‍ സംസാരിച്ചു.

'ഇന്ത്യന്‍ രാഷ്ട്രീയവും അഴിമതിയും' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് വിവിധ സംഘടനാ നേതാക്കളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, സത്താര്‍ കുന്നില്‍ വര്‍ഗീസ് പുതുക്കുളങ്ങര, പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാ വിഭാഗം പ്രവര്‍ത്തകരുടെ ഗാനങ്ങള്‍, കവിതാലാപനം എന്നിവ മാറ്റു കൂട്ടിയ സമ്മേളനത്തിന് കല ജോ. സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍