കേരള സോഷ്യല്‍ സെന്റര്‍ വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡില്‍
Sunday, March 22, 2015 7:01 AM IST
അബുദാബി: കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി അബുദാബി മലയാളികളുടെ കലാ-കായിക, സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ നിസ്വാര്‍ഥവും സാമൂഹ്യപ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനം വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

വിപിഎസ് ഹെല്‍ത്ത് കെയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'സെല്‍ഫ് എക്സാമിനേഷന്‍ ഫോര്‍ ബ്രസ്റ് കാന്‍സര്‍' എന്ന ബോധവത്കരണപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പങ്കെടുത്തതിനാലാണു കേരള സോഷ്യല്‍ സെന്ററിന്റെ നാമം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ എഴുതപ്പെട്ടതെന്നു സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

അബുദാബി സായിദ് യൂനിവേഴ്സിറ്റിയില്‍ നടത്തിയ പദ്ധതിയില്‍ ഒരേസയം 971 വനിതകളാണു പങ്കെടുത്തത്.

നവീകരിക്കപ്പെട്ട കേരള സോഷ്യല്‍ സെന്ററിന്റെ അങ്കണത്തില്‍ സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ നഴ്സിംഗ് ഡയറക്ടര്‍ റാണി എല്‍സ ഉമ്മനില്‍നിന്നു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിന്റെ അംഗീകാരപത്രം സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ രമണി രാജന്റെ നേതൃത്വത്തില്‍ വനിതാവിഭാഗം പ്രവര്‍ത്തകരും സെന്റര്‍ ഭരണസമിതി അംഗങ്ങളും ചേര്‍ന്നു ഏറ്റു വാങ്ങി.

ബോധവത്ക്കരണ പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച സെന്റര്‍ വനിതാവിഭാഗം പ്രവര്‍ത്തകര്‍ക്കും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് വ്യക്ത്യാധിഷ്ഠിത പ്രശസ്തി പത്രവും ലഭിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു അധ്യക്ഷത വഹിച്ചു. അബുദാബി പോലീസിലെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ അഫയേഴ്സ് ലഫ്റ്റനന്റ് കേണല്‍ ഹാമദ് അബ്ദുള്ള അല്‍ എഫാറിയും താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും മുഖ്യാതിഥിയായിരുന്നു. ഓയില്‍ ടെക്് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മാത്യു, യുഎഇ എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍, എയര്‍ ഇന്ത്യ പ്രതിനിധി റാഷിദ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള