ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് 2015 സ്പെല്ലിംഗ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കു വിജയം
Friday, March 20, 2015 6:20 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന വാര്‍ത്താമാധ്യമമായ ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് സംഘടിപ്പിച്ച 50-ാമത് വാര്‍ഷിക സ്പെല്ലിംഗ് ബി മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി സായ് വിഷുധി ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വിജയിയായി.

ന്യൂയോര്‍ക്ക് പബ്ളിക് ലൈബ്രിറിയില്‍ നടന്ന മത്സരത്തില്‍ എഴുപതോളം മത്സരാര്‍ഥികളില്‍ നിന്നാണ് സായിയെ വിജയിയായി പ്രഖ്യാപിച്ചത്. അഞ്ചാം ഗ്രേഡു മുതല്‍ എട്ടു വരെയുളള വിദ്യാര്‍ഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. രണ്ടു ഗ്രൂപ്പുകളില്‍നിന്നുളള വിജയികളും മേയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബി മത്സരത്തില്‍ പങ്കെടുക്കുമെന്നു ഡെയ്ലി ന്യൂസ് സിഇഒ ബില്‍ ഹോളിബര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാതറിന്‍ ചുങ്ങാണ് ഈ വര്‍ഷവും രണ്ടാം സ്ഥാനത്തെതിയത്. കാതറിന്‍ മന്‍ഹാട്ടനിലെ ആന്‍ഡേഴ്സണ്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.

ന്യൂയോര്‍ക്ക് അപ്പര്‍ ഈസ്റ് സൈഡ് ഹണ്ടര്‍ കോളജ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് സായ്. എല്ലാ ദിവസവും കുറെ മണിക്കൂറുകള്‍ മത്സരത്തിനുവേണ്ടി തയാറാകുന്നതിനു മാറ്റി വച്ചിരുന്നു. കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം എന്ന് സായ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍