ഐഡിസി ആംബുലന്‍സ് നല്‍കി
Friday, March 20, 2015 6:13 AM IST
ജിദ്ദ: മലപ്പുറം മേല്‍മുറിയിലുള്ള മഅദിന്‍ അക്കാഡമിക്കു ജിദ്ദയിലെ ഇസ്ലാമിക് ദഅവാ കൌണ്‍സില്‍ (ഐഡിസി) നല്‍കുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം പണ്ഡിതനും പ്രഭാഷകനുമായ എം.പി. സുലൈമാന്‍ ഫൈസി നിര്‍വഹിച്ചു. മഅദിന്‍ ഗ്രാന്‍ഡ് മോസ്കില്‍ നടന്ന ചടങ്ങില്‍ മഅദിന്‍ ചെയര്‍മാന്‍ സയിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരിയാണ് ആംബുലന്‍സ് സ്വീകരിച്ചത്. കെഎകെ ഫൈസി, അബൂബക്കര്‍ കിഴിശേരി, ശിബലി പൊന്നാട്, അബൂബക്കര്‍ സഖാഫി തുടങ്ങിയവരും ഇന്‍സാനിയ ഫൌണ്േടഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ആംബുലന്‍സ് നല്‍കിയതിനു പ്രത്യേകം നന്ദി പറഞ്ഞ ഇബ്രാഹിം ഖലീല്‍ തങ്ങള്‍ ഐഡിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും മാതൃകാപരവും പ്രശംസനീയവുമാണെന്നു പറഞ്ഞു.

പതിമ്മൂന്നു ലക്ഷത്തോളം രൂപ ചെലവില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ ആംബുലന്‍സ് ആണ് മഅദിന്‍ അക്കാദമിക്ക് ഐഡിസി നല്‍കിയത്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഇടുക്കി, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐഡിസി പ്രതിനിധികള്‍ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുക്കണക്കിനു ദരിദ്ര കുടുംബങ്ങള്‍ക്കു പ്രതിമാസ സാമ്പത്തികസഹായം, വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള സഹായം തുടങ്ങിയവ ഐഡിസി നല്‍കി വരുന്നുണ്ട്. റമദാന്‍, പെരുന്നാള്‍ തുടങ്ങിയ സമയങ്ങളില്‍ പിന്നോക്ക പ്രദേശങ്ങളില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണവും മൃഗബലികളും നടത്തിവരുന്നുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍