ജിദ്ദയിലെ ക്രിക്കറ്റ് മാമാങ്കത്തിനു മാര്‍ച്ച് 20നു തുടക്കം
Thursday, March 19, 2015 8:24 AM IST
ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ടിസിഎഫ് ടൂര്‍ണമെന്റിന്റെ ആദ്യ പന്ത് എറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജിദ്ദ ക്രിക്കറ്റ് വേള്‍ഡ് കപ്പ് എന്ന് അറിയപ്പെടുന്ന ടിസിഎഫ് ജോടുണ്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏഴാം പതിപ്പിന് മാര്‍ച്ച് 20ന് വൈകുന്നേരം 4.30 നു സിറ്റീന്‍ റോഡിലെ ബിഎംടി ഗ്രൌണ്ടില്‍ (അല്‍ ഹോട്ടലിനു മുന്‍വശം) ആരംഭിക്കും. ജോടുണ്‍ പൈന്റ്സ് മുഖ്യ പ്രായോജകരായ ടൂര്‍ണമെന്റ് എഫ്എസ്എന്‍ ആണ് സഹ പ്രായോജകര്‍.

ടിസിഎഫ് കുരുന്നുകളുടെ അകമ്പടിയോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകള്‍ അവരുടെ ടീം പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി പങ്കെടുക്കുന്ന മാര്‍ച്ച് പരേഡും മറ്റു ആകര്‍ഷകമായ പരിപാടികളും കൊണ്ട് ഉദ്ഘാടനദിവസം വര്‍ണാഭമാക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാരും കാണികളും ജിദ്ദയിലെ പൌര പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ പ്രണബ് ഗണേഷ് ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിക്കും.

ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് മുഹമ്മദ് ഫസീഷ് അറിയിച്ചു. മരുഭൂമിയിലെക്രിക്കറ്റിന്റെ വളര്‍ച്ചക്കായി നിസ്തുലമായ പങ്കു വഹിക്കുന്ന സ്പോണ്‍സര്‍മാരോടും അഭ്യുദയ കാംക്ഷികളോടും ടിസിഎഫ് പ്രസിഡന്റ് പ്രത്യേകം നന്ദി അറിയിച്ചു. ടിസിഎഫ് ഏഴാം പതിപ്പ് നടക്കുന്ന പുതിയ ഗ്രൌണ്ടില്‍ കാണികള്‍ക്ക് കളി വീക്ഷിക്കുവാന്‍ മികച്ച നിലവാരമുള്ള ഗാലറിയും കമ്മന്ററി ബോക്സ് അടക്കമുള്ള പവിലിയന്‍, കളിക്കാര്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സൌകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച കുട്ടി ക്രിക്കറ്റ് ആയ 20-ട്വന്റി പോലെ തന്നെ ടിസിഎഫ് ടൂര്‍ണമെന്റ് ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വാരാന്ത്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ ആവേശത്തിമര്‍പ്പിന്റെനാളുകളായിരിക്കും നല്‍കുക എന്ന് അദ്ദേഹം പറഞ്ഞു.

4.30 നു ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ് എടിഎസ് രായിന്‍സ്കൊ ക്രിക്കറ്റ് ക്ളബിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ മൈ ഓണ്‍ ചാലഞ്ചേഴ്സ് ജോടുണ്‍ പെന്‍ഗുവന്‍സിനെ നേരിടും. തുടര്‍ന്നു നടക്കുന്ന മത്സരങ്ങളില് യഥാക്രമം നിലവിലെ രണ്ണര്‍ അപ്പ് ആയ ടാര്‍ഗറ്റ് ഗയ്സ് യംഗ് സ്റാറിനെ യും അവസാന മത്സരത്തില്‍ അജുവഫോര്‍ഡ് റോയല്‍സ് ആര്‍കൊമ ഇ.ടി.എല്‍ നെയും നേരിടും. ഫ്ളഡ്ലിറ്റ് സ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് രാജ്യങ്ങളിലെ മികച്ച കളിക്കാര് അടങ്ങുന്ന ജിദ്ദയിലെ 16 ക്രിക്കറ്റ് ക്ളബുകള്‍ നോക്കൌട്ട് റൌണ്ടില് മാറ്റുരക്കും. ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ ഏപ്രില്‍ നാലിനു നടക്കുന്ന സെമി ഫൈനലില്‍ മത്സരിക്കും. ഏപ്രില്‍ 10 നാണ് ഫൈനല്‍ നടക്കുക.

വിജയികള്‍ക്കുള്ള ജോടുണ് ട്രോഫിയും എഫ്എസ്എന്‍ റണ്ണേഴ്സ് കപ്പും കൂടാതെ എയര്‍ അറേബ്യ സമ്മാനിക്കുന്ന എയര്‍ ടിക്കറ്റ്, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ് ബാറ്റ്സ്മാന്, ബെസ്റ്ബൌളര്‍, ബെസ്റ് ഫീല്‍ഡര്‍, ബെസ്റ് ഓള്‍ റൌണ്ടര്‍ എന്നീ സമ്മാനങ്ങളും സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കുന്നതായിരിക്കും. കൂടാതെ കളിയിലെ ഇന്നിംഗ്സ് ഇടവേളകളില്‍ കാണികള്‍ക്കുവേണ്ടി ഫണ്‍ ഗെയിംസ്, ക്രിക്കറ്റ് ക്വിസ്, പ്രവചന മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കാണികള്‍ക്കു രജിസ്ട്രേഷനുവേണ്ടി പ്രത്യേക കൌണ്ടര് ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രജിസ്റര്‍ ചെയ്യുന്ന കാണികളില്‍നിന്ന് തെരഞ്ഞെടുത്ത വിജയികള്‍ക്ക് എയര്‍ ടിക്കറ്റ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍