മാര്‍ത്തോമ യുവജ സഖ്യം പതിനേഴാമത് ഭദ്രാസന സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു
Thursday, March 19, 2015 6:39 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ ഭദ്രാസന സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ കാലിഫോര്‍ണിയയിലാണു സമ്മേളനം. ഭദ്രാസനത്തിന്റെ കീഴില്‍ ഏറ്റവും പുതുതായി രൂപംകൊണ്ട സിലിക്കണ്‍വാലി മാര്‍ത്തോമ ഇടവകയാണു സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, യുവജന സഖ്യം ഭാരവാഹികള്‍ക്ക് ദീപം കൈമാറി സമ്മേളനത്തിനുളള ഒരുക്കങ്ങളുടെ തുടക്കം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തിയഡോഷ്യസ് തിരുമേനി രക്ഷാധികാരിയും ഇടവകയുടെ പ്രഥമ വികാരിയുമായിരിക്കുന്ന റവ. ബിജു പി. സൈമണ്‍ പ്രസിഡന്റുമായുളള കോണ്‍ഫറന്‍സ് കമ്മിറ്റി, ഭദ്രാസന യുവജന കൌണ്‍സിലിന്റെ സഹകരണത്തോടെ സമ്മേളനത്തിനുളള ക്രമീകരണങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കും. ഇടവകയുടെ ആരംഭത്തില്‍ത്തന്നെ ഭദ്രാസന സമ്മേളനം നടത്താന്‍ തയാറായ സിലിക്കണ്‍വാലി മാര്‍ത്തോമ ഇടവകയെയും യുവജന സഖ്യ പ്രവര്‍ത്തകരെയും തിയഡോഷ്യസ് തിരുമേനി പ്രത്യേകം അഭിനന്ദിച്ചു.

യുവജന സഖ്യം ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ റവ. ബിനോയ് ജെ. തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഷാജി തോമസ് (വൈസ് പ്രസിഡന്റ്), റവ. ബിനു പി. ശാമുവല്‍, റജി ജോസഫ് (സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറര്‍), ലാജി തോമസ് (ഭദ്രാസന അസംബ്ളി അംഗം) എന്നിവര്‍ ഈ വര്‍ഷത്തെ സമ്മേളനം എല്ലാ വിധത്തിലും അനുഗ്രഹമായിതീരട്ടെ എന്ന് ആശംസിക്കുകയും ആതിഥ്യം വഹിക്കുന്ന ഇടവകയ്ക്കുളള ഭദ്രാസന യുവജന സഖ്യം കൌണ്‍സിലിന്റെ നന്ദി അറിയിച്ചു.

ഭദ്രാസന മീഡിയയ്ക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം