'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്' മെഗാ ഷോ ഡിട്രോയിറ്റില്‍ മേയ് 15ന്
Thursday, March 19, 2015 6:36 AM IST
ഡിട്രോയിറ്റ്: അമേരിക്കന്‍ മലയാളികളുടെ മനസില്‍ ഒരു മിന്നലായി ഇന്നും നില നില്‍ക്കുന്ന 'സ്റേജ് 2000' എന്ന ഷോ സമ്മാനിച്ച സിദ്ദിഖ് ലാല്‍ വീണ്ടും 15 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെഗാ ഷോയുമായി അമേരിക്കയില്‍ എത്തുന്നു. സ്റേജ് ഷോകളുടെ കുലപതികള്‍ എന്നു വിശേഷിപ്പിക്കാവുന്ന സിദ്ദിഖ് ലാല്‍ 35 ല്‍ അധികം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടാണു 'സിദ്ദിഖ് ലാല്‍ സ്പീക്കിംഗ്' എന്ന മെഗാ ഷോയുമായി ഡിട്രോയിറ്റില്‍ എത്തുന്നത്. മേയ് 15നു(വെളളി) വൈകുന്നേരം ഏഴിന് വാറണ്‍ ഫിറ്റിസ് ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണു ഷോ അരങ്ങേറുക.

ബോളിവുഡില്‍ വരെ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ദിഖ്, മലയാളത്തില്‍ മികച്ച നടനായും സംവിധായകനായും നിര്‍മാതാവായും തിളങ്ങുന്ന ലാല്‍, ഇവരോടൊപ്പം ഹാസ്യത്തിനു പുത്തന്‍ ഭാവം നല്‍കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍, പൌരുഷമുളള വേഷങ്ങള്‍കൊണ്ട് തിളക്കമാര്‍ന്ന ബിജു മേനോന്‍, വ്യത്യസ്തമായ വേഷങ്ങള്‍ മലയാളിക്കു സമ്മാനിച്ച നടനവിസ്മയം വിജയരാഘവന്‍, നൃത്തവും അഭിനയവും ഒരുപോലെ കൈമുതലാക്കിയ വിനീത്, ഹരിശ്രീ അശോകന്‍, ഭാവന, ഷംന കാസിം, പൊന്നമ്മ ബാബു, കൃഷ്ണ പ്രിയ, ബാലു തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരും പ്രഗല്ഭരുമായ അനവധി താരങ്ങള്‍ ഷോയില്‍ വേദിയില്‍ എത്തും.

മലയാള സിനിമാഗാനാലാപനത്തില്‍ പ്രശസ്തരായ അഫ്സല്‍, സയനോരാ എന്നിവരോടൊപ്പം സംഗീത സംവിധായകന്‍ ദീപക് ദേവും എത്തുന്നു. പ്രശസ്ത നൃത്തസംവിധായിക രേഖയോടൊപ്പം നൃത്ത വിസ്മയം സൃഷ്ടിക്കാന്‍ നൃത്ത കലാകാരികള്‍ അരങ്ങത്തെത്തും. മിമിക്രിരംഗത്തെ ഭീഷ്മാചാര്യന്‍ കെ.എസ്. പ്രസാദിനോടൊപ്പം കേരളത്തിലെ മികച്ച മിമിക്രി കലാകാരന്മാര്‍ അമേരിക്കയിലെത്തും. അമേരിക്കന്‍ മലയാളികള്‍ക്കു ശ്രവണ നയന മാധുര്യം നല്‍കുവാന്‍ ഡിജിറ്റല്‍ സ്റേജ് -സൌണ്ട് പ്രശസ്ത സൌണ്ട് എന്‍ജിനിയര്‍ നിതിന്‍ കൈകാര്യം ചെയ്യും. സ്റേജ് ഷോകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഈ മെഗാ ഷോ അമേരിക്കന്‍ മലയാളികള്‍ക്കു പുത്തന്‍ അനുഭവങ്ങളുമായിരിക്കും.

മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് മാത്യു ചരുവില്‍, തോമസ് കര്‍ദ്ദിനാള്‍ എന്നിവര്‍ കോശി ജോര്‍ജ്, അനില്‍ കാക്കസാനി എന്നിവര്‍ക്കു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോണ്‍ കര്‍ത്തനാല്‍ : 248 943 3509, സാംജി കോശി : 248 854 0232, തോമസ് ജോര്‍ജ് (ചാച്ചി) : 215 840 5530, ബിജു ജോസഫ് : 586 604 9147, കുര്യന്‍ വര്‍ഗീസ് : 586 381 3949, ബിനു കാവില്‍ : 586 260 8865

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല