കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചിടല്‍; ജനകീയ പ്രതിരോധം ശക്തമാക്കും: കൌം
Thursday, March 19, 2015 6:31 AM IST
കുവൈറ്റ്: റണ്‍വേ നവീകരണത്തിന്റെ പേരില്‍ വര്‍ഷത്തിലെ എറ്റവും തെരക്കു കൂടിയ സമയത്ത് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചിടാനുള്ള തീരുമാനത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കാന്‍ കേരളാ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗള്‍ഫ് യാത്രക്കാര്‍ എറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ സ്കൂള്‍ വെക്കേഷന്‍, ഓണം, പെരുന്നാള്‍, ഹജ്ജ്, ഉംറ എന്നിവ വരുന്ന മേയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31വരെയുള്ള സീസണ്‍ സമയത്ത് എയര്‍പോര്‍ട്ട് അടച്ചിനാടുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെയാണു റണ്‍വേ അടച്ചിടുന്നതെങ്കിലും എമിറേറ്റ്സ്, സൌദി പോലുള്ള വലിയ വിമാനങ്ങള്‍ക്കു പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവഴി കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലാണ്. മാത്രമല്ല, ഈ കാരണംകൊണ്ടു ഗള്‍ഫ് നാടുകളില്‍നിന്നു കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

2013-14 കാലഘട്ടത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത് 25 ലക്ഷം യാത്രക്കാരാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ സീസണ്‍ സമയത്ത് യാത്ര ചെയ്തവരാണ്. ഇത്രയും യാത്രക്കാരെ വലയ്ക്കുന്നതാണു യാതൊരുവിധ മുന്നൊരുക്കമോ പ്ളാനിംഗോ ഇല്ലാതെയുള്ള അടച്ചിടല്‍. നവീകരണം ആവശ്യമെങ്കിലും സീസണ്‍ സമയത്തുനിന്നു മാറ്റി താരതമ്യേന തിരക്കു കുറഞ്ഞ സമയത്തേക്കു മാറ്റി വയ്ക്കുക, ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുക, റദ്ദാക്കിയ വിമാനങ്ങളില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു ബുക്ക് ചെയ്ത അതേ നിരക്കില്‍ തന്നെ യാത്രാസൌകര്യം ഒരുക്കുക, കോഴിക്കോട് എയര്‍പോര്‍ട്ട് അടയ്ക്കുന്നതോടെ സാധാരണക്കാര്‍ക്കു താങ്ങാന്‍ പറ്റാത്ത നിരക്കാണ് എയര്‍ ലൈനുകള്‍ ഈടാക്കുന്നത്. ഇതിനു അറുതി വരുത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അഥോറിറ്റിക്കും കൌം കത്തയച്ചു. കേരളത്തിലെ എല്ലാ എംപിമാരുമായും ബന്ധപ്പെട്ടു കൊണ്ടു വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാനും ആവശ്യപ്പെട്ടതായി കെഎയുഎം പത്രക്കുറിപ്പില്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് വിഷയം കൂടുതല്‍ ജനകീയമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി സോഷ്യല്‍ മീഡിയ കാമ്പയിന്‍ സംഘടിപ്പിക്കും. നാട്ടിലെ അഡ്വക്കേറ്റ്സുമായി ബന്ധപ്പെട്ടു കോടതിയില്‍ നിന്ന് താത്കാലിക സ്റേ ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ സയിദ്, വി.പി. മുകേഷ്, ഇഖ്ബാല്‍ കുട്ടമംഗലം, മുഹമ്മദ് റിയാസ്, ബാബുജി ബത്തേരി, അബ്ദുള്‍ ഫത്താഹ് തൈയില്‍, ചന്ദ്ര മോഹന്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. അസീസ് തിക്കൊടി സ്വാഗതവും ടി.വി. ഹിക്മത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍