കുവൈറ്റില്‍ വൈദ്യുതി മന്ത്രി രാജിവച്ചു; യാസര്‍ അല്‍ അബുലിന് അധിക ചുമതല
Wednesday, March 18, 2015 5:32 AM IST
കുവൈറ്റ്: ഫെബ്രുവരി പതിനൊന്നിനു രാത്രി കുവൈറ്റിന്റെ മിക്ക പ്രദേശങ്ങളിലും മണിക്കൂറുകള്‍ നീണ്ട പവര്‍കട്ട് ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കുവൈറ്റ് പൊതുമരാമത്ത്, വൈദ്യുതി,ജലം വകുപ്പുമന്ത്രി അബ്ദുല്‍ അസീസ് അല്‍ ഇബ്രാഹിം രാജിവച്ചു. രാജി, അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്വീകരിച്ചതായി കാബിനറ്റ്കാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹ് അറിയിച്ചു.

പവര്‍സ്റ്റേഷനിലുണ്ടായ സാങ്കേതികതകരാറാണു പവര്‍ കട്ട് ഉണ്ടാകാനുള്ള കാരണമെന്നു അന്ന് ഇബ്രാഹിം വിശദീകരിച്ചിരുന്നു. എന്നാല്‍, പവര്‍കട്ട് സംബന്ധിച്ചു വിശദീകരണം വേണമെന്നു പിന്നീടു പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്കും പാര്‍ലമെന്റിനും കഴിഞ്ഞദിവസം മന്ത്രി സമര്‍പ്പിച്ചു. പൊതുമരാമത്ത്, ജലം, വൈദ്യുതി വകുപ്പുകള്‍ ഭവനമന്ത്രി യാസര്‍ അല്‍ അബുലിന് അധിക ചുമതലയായി നല്‍കി. ഇബ്രാഹിം അബ്ദുല്‍ അസീസ് ഇതുവരെ രാജ്യത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍