നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ അപമാനകരം: യു.സി. രാമന്‍
Wednesday, March 18, 2015 5:32 AM IST
റിയാദ്: കഴിഞ്ഞ ദിവസം കേരള നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സാക്ഷരകേരളത്തിന് അപമാനകരമാണെന്നും ഈ കറ മായ്ചുകളയാന്‍ ഏറെ സമയമെടുക്കുമെന്നും ഏറെക്കാലം നിയമസഭാ സാമാജികനായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ യു.സി. രാമന്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ഥം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ നേതാവ് ബാബുമോനോടൊപ്പം റിയാദിലെത്തിയ കേരള ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍കൂടിയായ യു.സി. രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കുന്ദമംഗലം പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി പിഎസ്സി പരീക്ഷാ ഗൈഡന്‍സ് സെന്റര്‍ വിപുലമായ രീതിയില്‍ ആരംഭിക്കാനുള്ള ശ്രമങ്ങളുമായി പ്രവാസികളില്‍നിന്ന് ഉപദേശങ്ങളും സഹായവുമഭ്യര്‍ഥിക്കുന്നതിനുകൂടിയാണു സന്ദര്‍ശനമെന്നു യു.സി. രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രദേശത്തു നിന്നുള്ളവര്‍ സര്‍ക്കാര്‍ ജോലികളില്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ പിഎസ്സി ഗൈഡന്‍സ് സെന്റര്‍ ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൌദി അറേബ്യയില്‍ കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയ സന്ദര്‍ശന വേളയില്‍ പ്രവാസികളില്‍നിന്നു നല്ല പ്രതികരണമാണുണ്ടായതെന്നും അല്‍ ഹസയിലെ കെഎംസിസി യൂണിറ്റ് അര്‍ഹനായ ദളിത് കുടുംബത്തിനു ബൈത്ത് റഹ്മ വീടു നിര്‍മിച്ചു നല്‍കാന്‍ തയാറാണെന്നു പറഞ്ഞതായും യു.സി. രാമന്‍ വ്യക്തമാക്കി. പ്രവാസികളുടെ സഹായം കേരള സംസ്ഥാനത്തിന് ഏറെ വിലപ്പെട്ടതും അവഗണിക്കാന്‍ പറ്റാത്തതുമാണ്. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസികളുടെ സഹായം കേരളത്തിനു ലഭിക്കുന്നുണ്ട് എന്നതു നന്ദിയോടെയാണ് സ്മരിക്കുന്നത്. ഇനിയും അതുണ്ടാകണമെന്നും പ്രവാസി പുനരധിവാസത്തിനായി മുസ്ലിം ലീഗടക്കമുള്ള പാര്‍ട്ടികള്‍ നന്നായി പരിശ്രമിക്കുന്നുണ്െടന്നും യു.സി. രാമന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ, നാസര്‍ മാങ്കാവ്, ഹനീഫ മൂര്‍ക്കനാട് തുടങ്ങീയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍