പലചരക്ക് കടയില്‍ മോഷണം
Wednesday, March 18, 2015 5:30 AM IST
കുവൈറ്റ്: കുവൈറ്റില്‍ മോഷണശല്യം പെരുകുന്നു . കഴിഞ്ഞ ദിവസം വടകര സ്വദേശികളായ സജീര്‍, മുഹമ്മദ് എന്നിവരുടെ ബഖാലയിലാണ് കള്ളന്മാരുടെ അഴിഞ്ഞാട്ടമുണ്ടായത്. കുവൈറ്റിലെ ന്യൂറിഗ്ഗ പ്രദേശത്ത് രാത്രി കടയടച്ച് താമസസ്ഥലത്തേക്കു പോയപ്പോയാണു മോഷണം നടന്നത് . പതിവുപോലെ രാവിലെ ഏഴു മണിയോടെ മുഹമ്മദ് ബഖാല തുറന്നപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഷോപ്പിന്റെ സ്റോര്‍ ആയി ഉപയോഗിച്ചിരുന്ന മുറിയുടെ ജനല്‍ പൊളിച്ചാണ് ഉള്ളില്‍ കയറിയിരിക്കുന്നത്. 2000 ദീനാറിന്റെ നഷ്ടമുണ്ടായതായി ഉടമസ്ഥര്‍ പറഞ്ഞു. ബഖാലയിലെ കാഷ് ബോക്സിലുണ്ടായിരുന്ന പണവും സിഗരറ്റ് പാക്കുകളും ടെലിഫോണ്‍ കാര്‍ഡുകളുമുള്‍പ്പെടെ നിരവധി സാധനങ്ങള്‍ മോഷണത്തില്‍ നഷ്ടപ്പെട്ടു. രണ്ടു വര്‍ഷം മുമ്പും ഈ ബഖാലയില്‍ മോഷണം നടന്നിട്ടുണ്ട്. ഉടമയുടെ പരാതി പ്രകാരം ആന്തലൂസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍