ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ ആചരിച്ചു
Wednesday, March 18, 2015 5:28 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 15നു(ഞായറാഴ്ച)ഭക്തിപുരസരം ആചരിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ ആഘോഷത്തില്‍, ഈശോയുടെ വളര്‍ത്ത്പിതാവ് എന്ന ഉന്നതസ്ഥാനത്തേക്ക് ഉയിര്‍ത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ പ്രതിസന്ധികളാണു മാര്‍ യൌസേപ്പിനുണ്ടായതെന്ന് മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു. പൂര്‍വപിതാക്കന്മാരായ അബ്രാഹം മുതല്‍ നിരവധി പേര്‍ക്ക് പ്രതിസന്ധികളുണ്ടായപ്പോള്‍, തളരാതെ അവര്‍ ദൈവത്തോടു ചേര്‍ന്നുനിന്നാണു ദൈവം ഏല്പിച്ച ശുശ്രൂഷകള്‍ നിര്‍വഹിച്ചത്. അതുപോലെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നാമും യേശുവിന്റെ സഹനം മാതൃകയാക്കി, ദൈവത്തോടു ചേര്‍ന്ന് നില്‍ക്കുകയാണു വേണ്ടത്. തിരുക്കുടുംബത്തെ സംരക്ഷിച്ച മാര്‍ യൌസേപ്പിന്റെ സംരക്ഷണയില്‍ നമ്മളുടെ കുഞ്ഞുങ്ങളേയും, കുടുംബങ്ങളേയും, ഇടവകയെയും, സമര്‍പ്പിക്കണമെന്നു വചനശുശ്രൂഷയില്‍ ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ബോധിപ്പിച്ചു. വചനസന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമാക്കി. സണ്ണി & റോസമ്മ ആക്കാത്തറയും കുടുംബാംഗങ്ങളുമാണു തിരുനാളിന്റെ പ്രസുദേന്ദിമാര്‍.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി