ഹൂസ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീം ക്രിക്കറ്റ് ചാമ്പ്യന്മാരായി
Wednesday, March 18, 2015 5:27 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15നു നടന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീം ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
പെര്‍ലാന്റിലെ ഷാഡോ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന വാശിയേറിയ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് (ഹൂസ്റണ്‍), സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് സിറിയല്‍ ഓര്‍ത്തഡോക്സ് എന്നീ ഇടവകകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണു പങ്കെടുത്തത്.

എബി മാത്യുവിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണു മത്സരങ്ങള്‍ ആരംഭിച്ചത്. ഹൂസ്റന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ക്രിക്കറ്റ് മത്സരം കാണുന്നതിനു നിരവധിപേര്‍ എത്തിചേര്‍ന്നിരുന്നു.
ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമിനുവേണ്ടി നാലു വിക്കറ്റുകള്‍ വീഴ്ത്തി ബ്ളസന്‍ അബ്രഹാം മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

ഹൂസ്റണ്‍ മാര്‍ത്തോമാ ചര്‍ച്ച് യൂത്ത് ചാപ്ളയ്ന്‍ റവ.റോയ് എബ്രഹാം തോമസ്, റവ. കെ.ബി. കുരുവിള (ഹൂസ്റണ്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി) എന്നിവരുടെ സാന്നിധ്യം കളിക്കാര്‍ക്കു കൂടുതല്‍ ഉത്തേജനമേകി.

റിപ്പോര്‍ട്ട്: പി.പി. ചെറിയന്‍