താറാവിനെ വേട്ടയാടിയ പരുന്തിനെ അടിച്ചുകൊന്ന സ്ത്രീക്കെതിരേ കേസെടുത്തു
Wednesday, March 18, 2015 5:26 AM IST
ഐഡഹോ: സ്കോട്ട് ഡിങ്കര്‍ എന്ന വേട്ടക്കാരന്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന പരുന്തിനെ അടിച്ചു കൊന്ന പാറ്റി മെക്ക് ഡൊണാള്‍ഡ്(60) എന്ന സ്ത്രീക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 24നു കൌണ്ടി ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുക്കും. ജനുവരി ഏഴിനായിരുന്നു സംഭവം.

പാറ്റി വാനില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു പരുന്ത് താറാവിനെ ആക്രമിക്കുന്നതായി കണ്ടു. വാനില്‍ നിന്നിറങ്ങി പരുന്തിനെ ആട്ടികളയുന്നതിനു ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. ഇതിനിടെ കൈയിലുണ്ടായിരുന്ന സ്കാര്‍ഫ്കൊണ്ടു പരുന്തിനെ ശക്തമായി അടിച്ചു. അടികൊണ്ട പരുന്ത് പറന്നുപോയെങ്കിലും ഒരു മണിക്കൂറിനുശേഷം അതിനെ ചത്ത നിലയില്‍ കണ്െടത്തി.

പരുന്തിന്റെ ഉടമസ്ഥന്‍ കാണുന്നതു പരിക്കേറ്റു പറന്നുപോകുന്ന തന്റെ വളര്‍ത്തു പക്ഷിയെയാണ്. പരുന്ത് സംരക്ഷിക്കപ്പെടേണ്ട പക്ഷിയാണെന്നും, അതിനെ അക്രമിക്കുന്നതു കുറ്റകരമാണെന്നും സ്കോട്ട് ഡിങ്കര്‍ പറയുന്നു. താറാവിനെ ആക്രമിക്കുന്നതു തടയുന്നതിനാണു പരുന്തിനെ അടിച്ചതെന്നു പാറ്റും പറയുന്നു.
സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തിയ കുറ്റനെയ് കൊണ്ടി പ്രോസിക്യൂട്ടര്‍ ബാരി ഹുഗ് പാറ്റിക്കെതിരേ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റം തെളിയുകയാണെങ്കില്‍ 6 മാസം ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയും ഒടുക്കേണ്ടിവരും.

റിപ്പോര്‍ട്ട്: പി.പി. ചെറിയന്‍