കരിപ്പൂര്‍: ബദല്‍ യാത്ര സംവിധാനം ഏര്‍പ്പെടുത്തണമെന്നു കേരള പ്രവാസി സംഘം
Tuesday, March 17, 2015 6:12 AM IST
മക്ക: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം ഭാഗികമായി അടച്ചിടുന്നതു മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിനു ഗള്‍ഫ് പ്രവാസികളുടെയും ഹജ്ജ്, ഉംറ തീര്‍ഥാടകരുടെയും വിമാന യാത്രയെ സാരമായി ബാധിക്കുമെന്നും ആയതിനാല്‍ ചെറു വിമാനങ്ങളെ ഉപയോഗപ്പെടുത്തി ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തണമെന്നു കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റി അംഗം നാനത്ത് മുഹമ്മദാലി ആവശ്യപ്പെട്ടു. നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിമാന കമ്പനികളും ഗള്‍ഫ് പ്രവാസികളെ ചൂഷണം ചെയ്യുകയാണന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം കേന്ദ്രമായി രൂപവത്കരിച്ച പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ് സ്ട്രെക്ചര്‍ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അതിന്റെ മുഖ്യ സാരഥികളിലൊരാളുകൂടിയായ നാനത്ത് മുഹമ്മദാലി യോഗത്തില്‍ വിശദീകരിച്ചു. പ്രവാസികള്‍ക്ക് വിവിധ മേഖലകളില്‍ നിക്ഷേപ പദ്ധതികള്‍ ഒരുക്കുന്നതിനാവശ്യമായ സഹായ സഹകരണങള്‍ നല്‍കുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. കമ്പനിയുടെ മൂലധനത്തിന്റെ 70 ശതമാനവും പ്രവാസികളില്‍ നിന്നായിരിക്കും സ്വരുപിക്കുന്നത്. 10 രൂപയുടെ ഓഹകരികളാണ് സ്വീകരിക്കുന്നത്. അടിസ്ഥാനസൌകര്യ വികസനം, എക്സിപ്മെന്റ് സര്‍വീസ്, കൃഷി, വ്യവസായ വികസനം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ പ്രവാസി നിക്ഷേപകര്‍ക്കാവശ്യമായ സേവനങ്ങള്‍ കമ്പനിയില്‍നിന്നു ലഭിക്കും. ഭവന നിര്‍മാണം,കെട്ടിട നിര്‍മാണം,വ്യവസായ യൂണിറ്റുകള്‍ തുടങ്ങി പ്രവാസികള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുക എന്നതാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്കു പങ്കാളിത്ത വ്യവസ്ഥയില്‍ കമ്പനിയുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള സൌകര്യവുമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നവോദയ മക്ക ഏരിയ കമ്മിറ്റി പ്രസിഡന്റ്് പി.കെ. മൊയ്തീന്‍ കോയ പുതിയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിദ്ദാ നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സംസാരിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍ കോഴിക്കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍