അബുദാബി ശക്തി തിയറ്റേഴ്സിന്റെ 'സമയം' ഒന്നാം സമ്മാനം നേടി
Tuesday, March 17, 2015 4:58 AM IST
അബുദാബി: മലയാളിസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന അമച്വര്‍ നാടക മല്‍സരത്തില്‍ അബുദാബി ശക്തി തിയേറ്റേഴ്സിന്റെ 'സമയം' ഒന്നാം സമ്മാനം നേടി. ഒപ്പത്തിനൊപ്പം മത്സരിച്ച ദുബായ് റിമമ്പറന്‍സിന്റെ 'മൂക നര്‍ത്തകന്‍' , അബുദാബി മലയാളി സൌഹൃദവേദിയുടെ 'ഇരകള്‍' എന്നീ നാടകങ്ങള്‍ രണ്ടാം സ്ഥാനം പങ്കുവച്ചു .

ഒന്നും രണ്ടും സ്ഥാനം നേടിയ നാടകങ്ങള്‍ക്കു യഥാക്രമം 2500 ദിര്‍ഹവും, 1500 ദിര്‍ഹവും ക്യാഷ് അവാര്‍ഡുകളും മെമന്റോയും സര്‍ട്ടിഫിക്കറ്റുകളുമാണു സമ്മാനിച്ചത്.

'മൂക നര്‍ത്തക'നില്‍ ഭീമനായി അഭിനയിച്ച കൃഷ്ണനുണ്ണിയാണു മികച്ച നടന്‍. ഇതേ നാടകത്തിലെ സീതമ്മയായി രംഗത്തെത്തിയ ധന്യ സുരേഷാണു മികച്ച നടി. ശക്തി തിയറ്റേഴ്സിന്റെ 'സമയം' നാടകം സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാടാണു മികച്ച സംവിധായകന്‍.

സമയത്തില്‍ അച്ഛന്റെ വേഷത്തിലെത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും 'ഇരകള്‍' നാടകത്തിലെ ജൂലി എന്ന കഥാപാത്രമായിരുന്ന അപര്‍ണ സന്തോഷ് രണ്ടാമത്തെ നടിയും അബുദാബി സോഷ്യല്‍ ഫോറത്തിന്റെ 'രക്തബന്ധം' നാടകത്തിലെ മാസ്റര്‍ ഓസ്റിന്‍ ജോബിസ് മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇരകള്‍, സമയം, രക്ത ബന്ധം എന്നീ നാടകങ്ങളുടെ ചമയം നിര്‍വഹിച്ച ക്ളിന്റു പവിത്രന്‍ മികച്ച ചമയത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി . മികച്ച ദീപ സംവിധാനം: രമേശ് രവി (സമയം), മികച്ച പശ്ചാത്തല സംഗീതം: ഷാജിക് ആഷിയാനി (മൂക നര്‍ത്തകന്‍), മികച്ച രംഗശില്‍പ്പം: വിനു രത്നാകരന്‍ (പന്തല്‍ ഗ്രാമം), മികച്ച പ്രവാസി രചയിതാവ്: കെ.വി. ബഷീര്‍ (ഇരകള്‍), പ്രത്യേക ജൂറി പുരസ്ക്കാരം : ശശിധരന്‍ നടുവില്‍ (മൂക നര്‍ത്തകന്‍) എന്നിവരുമാണു മറ്റു അവാര്‍ഡിന് അര്‍ഹരായവര്‍.

ഒന്നും രണ്ടും സ്ഥാനം നേടിയ നാടകങ്ങള്‍ക്കു യഥാക്രമം 2500 ദിര്‍ഹവും 1500 ദിര്‍ഹവും കാഷ് അവാര്‍ഡുകളും മെമന്റോയും സര്‍ട്ടിഫിക്കറ്റുകളുമാണു സമ്മാനിച്ചത്. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവയ്ക്ക് 500 ദിര്‍ഹത്തിന്റെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

മികച്ച രണ്ടാമത്തെ നടന്‍, നടി, ബാലതാരം, ചമയം, ദീപ സംവിധാനം, പശ്ചാത്തല സംഗീതം, രംഗശില്‍പ്പം, പ്രവാസി രചയിതാവ്, പ്രത്യേക ജൂറി പുരസ്കാരജേതാവ് എന്നിവര്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഇന്നും ജനിച്ച നാട്ടില്‍ വേദികളിലെത്തുന്ന കലാകാരന്മാര്‍ക്കുള്ളതില്‍ കൂടുതല്‍ നാടക താത്പര്യം പ്രവാസി കലാകാരന്മാരില്‍ ഉണ്െടന്നതിനു തെളിവാണ് അബുദാബി മലയാളി സമാജത്തിന്റെ അമച്വര്‍ നാടകമാത്സരമെന്നു കേരള സാഹിത്യ അക്കാദമി അംഗവും കേരള സംഗീത നാടക അക്കാദമിയിലും കേരള സര്‍ക്കാരിന്റെ രാജ്യാന്തര പ്രവാസി നാടക മല്‍സരത്തിലും അഖിലേന്ത്യാ പ്രവാസി നാടക മല്‍സരത്തിലും ജൂറി അംഗവുമായിരുന്ന മീനമ്പലം സന്തോഷ് അവതരണംകൊണ്ടും അഭിനയമികവുകൊണ്ടും മൂക നര്‍ത്തകനിലെ നടന്മാരുടെ മത്സരം ശ്രദ്ധേയമായിരുന്നു.
എല്ലാ നാടകങ്ങള്‍ക്കും മാറിമാറിയെത്തിയ പ്രേക്ഷകരുടെ പ്രോല്‍സാഹനം ലഭിച്ചത് ഇത്തരം ഉദ്യമങ്ങള്‍ക്ക് പ്രചോദനമാണെന്നും അതിനാല്‍ അടുത്ത വര്‍ഷം മുതല്‍ പ്രഫഷണല്‍ നാടകമത്സരം നടത്താന്‍ സമാജം ആലോചിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി വിജയരാഘവന്‍, അസിസ്റന്റ് സെക്രട്ടറി ടി.പി. സന്തോഷ് എന്നിവരും സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നാടകോത്സവത്തിനും സമ്മാനദാനത്തിനും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള