സിറാജുദ്ദീന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും
Tuesday, March 17, 2015 4:49 AM IST
റിയാദ്. റിയാദ് ദറയ്യയില്‍ മരിച്ച കോഴിക്കോട് മുക്കം തടപ്പറമ്പ് സ്വദേശി മുഹമ്മദ് സിറാജുദ്ദീന്റെ (23) മൃതദേഹം ചൊവ്വാഴ്ച (17-03-15) നാട്ടിലേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഇത്തിഹാദ് എയര്‍വേസിലാണു മൃതദേഹം കൊണ്ടുപോകുന്നത്.

നാലുമാസം മുമ്പാണ് അല്‍മവാരിദ് റിക്രൂട്ടിങ് കമ്പനിയില്‍ സിറാജുദ്ദീന്‍ ജോലിക്കെത്തിയത്. ദറയ്യ ഇലക്ടോ കോമ്പൌണ്ടില്‍ ക്ളീനിങ്ങ് ലേബര്‍ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്താം തിയ്യതി പുലര്‍ച്ചെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്െടത്തുകയായിരുന്നു. അപസ്മാര രോഗിയായിരുന്നു സിറാജുദ്ദീനെന്നു ബന്ധുക്കള്‍ പറഞ്ഞു.

തടപ്പറമ്പ് തളാപ്പില്‍ ആദം-സുഹറ ദമ്പതികളുടെ മകനാണ് മരിച്ച സിറാജുദ്ദീന്‍. വിദ്യാര്‍ത്ഥികളായ മുഹ്സിന്‍, സാദ്, ഫിദ ഫാത്വിമ സഹോദരങ്ങളാണ്.

ശുമേസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടിനു ബന്ധുക്കള്‍ ഏറ്റുവാങ്ങി മയ്യിത്ത് നിസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന് നാട്ടിലേക്ക് അയയ്ക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ കോഴിക്കോട് എത്തും. കോഴിക്കോട്ടുനിന്നു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കുമാരനല്ലൂര്‍ നെല്ലിക്കുത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ എട്ടിനു ഖബറടക്കും. മൃതദേഹത്തെ ബന്ധുകൂടിയായ മുനീര്‍ പറയാരംകുന്നത്ത് അനുഗമിക്കുന്നുണ്ട്.

മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുനീബ് പാഴൂര്‍, ഷാഫി കൊടുവള്ളി, മുഹിയുദ്ദീന്‍, ഷാജഹാന്‍ പന്തളം, ബന്ധുക്കളായ റഫീഖ് തളാപ്പില്‍, മുനീര്‍ പറയാരംകുന്നത്ത്, ലത്തീഫ് പൂളപ്പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍