ഉന്നത വിദ്യഭ്യാസ പ്രശ്നങ്ങളെകുറിച്ചു ഒഐസിസി ചര്‍ച്ച നടത്തി
Monday, March 16, 2015 7:29 AM IST
ജിദ്ദ: മൌലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയുടെ സെന്റര്‍ സൌദി അറേബ്യയില്‍ തുറക്കുന്നതിനു ശ്രമിക്കുമെന്നു ചാന്‍സലര്‍ സഫര്‍ സരേഷ് വാല പറഞ്ഞു.

സൌദിയിലെ ഇന്ത്യന്‍ സമുഹം അനുഭവിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തിയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മൌലാന ആസാദ് യൂണിവേഴ്സിറ്റി വിവിധ തലത്തില്‍ നവീകരണ പരിപാടികള്‍ നടത്തുമെന്നും ഉറുദു ഭാഷയ്ക്ക് പുറമേയുള്ള വിഷയങ്ങളില്‍ പഠന സൌകര്യം ഒരുക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 30 ലക്ഷത്തിലതികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൌദി അറേബ്യയില്‍ പ്ളസ്ടുവിനുശേഷം തുടര്‍ പഠന സൌകര്യം ലഭ്യമല്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട വിദ്യാര്‍ഥിനികളുടെ വിഷമവും വ്യാകുലതയും ആശങ്കയും യോഗം ചാന്‍സലറുമായി പങ്കുവച്ചു.

കുടുംബസമേതം സൌദിയില്‍ ജീവിക്കുന്ന ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ ഏറ്റവും വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നതാണു മക്കളുടെ വിദ്യാഭ്യാസം. സ്വകാര്യ മേഖലയില്‍ ഒട്ടനവധി സ്കൂളുകള്‍ ഉണ്ടങ്കിലും ഇത്തരം സ്ഥാപനങ്ങള്ളിലെ ഉയര്‍ന്ന ഫീസ് നിരക്കും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളുടെ അപര്യാപ്തതയും അഡ്മിഷന്‍ സംബന്ധമായ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

സൌദിയും ഇന്ത്യയും തമ്മില്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ സഹകരണം ഉണ്ടാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനു ശ്രമിക്കണം. ലോകം അറിയപ്പെട്ട സര്‍വകലാശാല എന്ന നിലയിലും സൌദിസമൂഹം അടക്കം ബഹുമാനിക്കുന്ന മൌലാന ആസാദിന്റെ നാമധേയത്തിലുള്ള സ്ഥാപനം എന്ന നിലയിലും മൌലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിക്കു പ്രശ്നം പരിഹരിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 2006ല്‍ അര്‍ജുന്‍ സിംഗ് സൌദി അറേബ്യ സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട സഹകരണത്തിനായി ചര്‍ച്ചങ്ങള്‍ ആരംഭിച്ചിരുന്നു. അതു ഗുണകരമായി പര്യാവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനു കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഒഐസിസി ജിദ്ദ കമ്മിറ്റി ചാന്‍സിലര്‍ സഫര്‍ സരേഷ് വാലയ്ക്കു കൈമാറി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മൌലാന ആസാദ് സര്‍വകലാശാലയ്ക്ക് ഈ വിഷയത്തില്‍ ചെയ്യാവുന്ന എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

ജിദ്ദ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ്് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്ദു റഹീം ഇസ്മായില്‍, ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ പാപറ്റ കുഞ്ഞു മുഹമ്മദ്,അലി തേക്ക് ത്തോട്, സഖറിയ അഹമ്മദ് ബിലാദി , തലാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. ഷാനവാസ്, വിവിധ സംഘടന പ്രതിനിധികളായ ഡോ. ഇസ്മായീല് മരുതേരി, അഡ്വ. ഷഹരിയാര്‍, എന്‍ജിനിയര്‍ ഇഖ്ബാല്‍ പൊക്കുന്ന്, പി.എം. അമീര്‍ അലി, മുഹമ്മദ് അലി അസ്കര്‍, മോഹന്‍ ബാലന്‍, അബാസ് ചെമ്പന്‍, ഷറഫുദ്ദീന്‍ കായംകുളം, അബ്ദുറഹ്മാന് അമ്പലപ്പള്ളി, ഷുക്കൂര്‍ വക്കം,തക്ബീര്‍ പന്തളം, അബ്ദുള്‍ ഖാദര്‍ തലശേരി, കുഞ്ഞു മുഹമ്മദ് കോടശേരി, ഹാഷിം കോഴിക്കോട്, ഫസലുള്ള വെള്ളുവമ്പാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ജോഷി വര്‍ഗീസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍