'വര്‍ഗഗുണം കാണിച്ചു പ്രതിപക്ഷം'
Monday, March 16, 2015 7:21 AM IST
കുവൈറ്റ്: കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ തേര്‍വാഴ്ചയില്‍ ജിപിസിസി (ഗള്‍ഫ് പ്രദേശ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കുവൈറ്റ് പ്രതിഷേധിച്ചു.

നിയമസഭയില്‍ നടന്ന സംഭവം ജനാധിപത്യത്തിനു നേരേ നടന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതു ചൂണ്ടിക്കാണിക്കുന്നതു പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അരാജകത്വത്തിന്റെ തെളിവായിട്ടാണ്. തങ്ങളുടെ സംസ്കാരം ഇതാണ് എന്നു കേരള ജനതയെ തീര്‍ത്തും ബോധ്യപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു നിയമസഭയില്‍ അരങ്ങേറിയ പ്രതിപക്ഷത്തിന്റെ തെരുവുനാടകം.

അഴിമതിയും ആരോപണങ്ങളും ഒന്നും നിയമസഭയില്‍ ആദ്യമല്ല. ഇതിലും വലിയ ഏത്രയോ വിഷയങ്ങള്‍ രാഷ്ട്രീയഭേദമെന്യേ കണ്ടും കൈകാര്യം ചെയ്തതും ആണ് കേരളത്തിലെ ഏല്ല ഭരണമുന്നണികളും. പക്ഷേ, ഇങ്ങനെ ഒരു പ്രതിഷേധരീതി അതും തെളിയിക്കപ്പെടാത്ത ഒരു ആരോപണത്തിന്റെ പേരില്‍ നടന്നത് കേരളജനതയുടെ ചിന്താ ശേഷിക്കും ആത്മാഭിമാനത്തിനുമൊക്കെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രയും അകലെയായി പോയി ഏന്നുള്ളത് വരുന്ന തെരെഞ്ഞെടുപ്പുകളില്‍ തീര്‍ച്ചയായും പ്രതിപക്ഷം തിരിച്ചറിയും.

ഏറ്റവും ലജ്ജാവഹാമായ കാര്യമെന്ന് പറയുന്നത് അറബിക് അച്ചടി മാധ്യമങ്ങളിലും ഇംഗ്ളീഷ് മാധ്യമാങ്ങളിലുമൊക്കെ കേരള നിയമസഭയില്‍ ഉണ്ടായ അഴിഞ്ഞാട്ടം വളരെ വിപുലവും പ്രാധാന്യത്തോടെയും കൊടുത്തു എന്നുള്ളത് സ്വസ്ഥമായി ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും അഭിമാനത്തോടെ ജോലി നോക്കിയിരുന്ന മലയാളികള്‍ക്ക് ഏറ്റവും വലിയ ഒരു അപമാനമായിരിക്കുകയാണ്. കൂടെ ജോലി ചെയ്യുന്ന അറബികളോടു ന്യായീകരിച്ചും മറുപടി പറഞ്ഞും തല താഴ്ന്നു പോകേണ്ട സാഹചര്യമുണ്ടാക്കിത്തന്ന പ്രതിപക്ഷത്തോടുള്ള പ്രവാസികളുടെ നന്ദി തങ്ങള്‍ക്കു ലഭിച്ച വോട്ടവകാശത്തിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മധുരമായി മറുപടി കൊടുക്കാന്‍ പാവം പ്രവാസികള്‍ കാത്തിരിക്കുകയാണെന്നും ജിപിസിസി പ്രതിഷേധയോഗം വിലയിരുത്തി.

പ്രസിഡന്റ് ചെസില്‍ ചെറിയാന്‍ രാമപുരം അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ്, സാം നന്തിയാട്ട്, ജേക്കബ് ജോര്‍ജ്, ജോമോന്‍ ജോണ്‍, അരുണ്‍ രാജഗോപാല്‍, പി.ടി. സാമുവല്‍ കുട്ടി, സാജു ഒറ്റകൊടശേരില്‍, ജോണ്‍ കുര്യാക്കോസ്, എബി പുത്തന്‍പുരയ്ക്കല്‍, ചാള്‍സ് പി. ജോര്‍ജ്, അജ്മിന്‍ അമീര്‍, അജിത് സക്കറിയാസ് പീറ്റര്‍, സിബു പുലിയൂര്‍, ബിജോയ് ഡാനിയേല്‍, മനോജ് ജോഷി, നിധിന്‍ ചെറുകാട്ടുശേരില്‍, മനോജ് എസ്. കുറുപ്പ്, സജു പാമ്പാടി, അനൂപ് സോമന്‍, അനൂപ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍