'സഭയെ അവഹേളിച്ച എംഎല്‍എമാര്‍ മാപ്പര്‍ഹിക്കുന്നില്ല'
Monday, March 16, 2015 7:20 AM IST
ജിദ്ദ: ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ സംഘര്‍ഷത്തിലൂടെ അവഹേളിച്ച ഇടതുപക്ഷ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

നിയമസഭയുടെ നാഥനായിരുന്ന ജി. കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് അധികം ദിവസങ്ങളാവുന്നതിനു മുമ്പുതന്നെ ഇത്തരം ഒരു ഹീനകൃത്യം നിര്‍വഹിക്കുവാന്‍ മനുഷ്വത്വമുള്ളവര്‍ക്ക് കഴികയില്ല. ഇത്തരക്കാര്‍ ജനപ്രതിനിധികളായി നില്‍ക്കുന്നുവെന്നതു ഖേദകരമാണ്.

ജനാധിപത്യവിശ്വാസികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പ്രതിക്ഷിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം പ്രതിപക്ഷം നിര്‍വഹിച്ചില്ലെന്ന് മാത്രമല്ല, അത് നിര്‍വഹിക്കുവാന്‍ ഭരണപക്ഷത്തെ അനുവദിക്കാതെയിരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മാത്രവുമല്ല ഈ അക്രമത്തെ സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനായി അനാവശ്യമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണു ചെയ്തിരിക്കുന്നത്.

നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച ബജറ്റ് സ്വഗതാര്‍ഹമാണ്. അടിസ്ഥാന മേഖലയുടെ വികാസനത്തിനു 2000 കേടിയാണ് വകയിരുത്തിയിരിക്കുന്നത് കാര്‍ഷിക മേഖലയ്ക്കു ഉന്നല്‍ നല്‍കിയതും നല്ല സൂചനയാണു നല്‍കുന്നത്. 'പ്രവാസി കേരള കൃഷി വികാസ്' എന്ന പുതിയ പദ്ധതി തിരിച്ചു വരുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 50 കോടി വകയിരുത്തിയതും നല്ല തീരുമാനമാണെന്നും വാര്‍ത്താ കുറിപ്പില്‍ മുനീര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍