അനധികൃത താമസക്കാര്‍ രാജ്യത്തെ നിയമം പാലിക്കണമെന്നു ഷെയ്ഖ് മാസില്‍ അല്‍ ജറാഹ്
Monday, March 16, 2015 5:25 AM IST
കുവൈറ്റ്: അനധികൃതമായി രാജ്യത്ത് വസിക്കുന്നവര്‍ നിയമത്തിന് വിധേയമാകണമെന്ന് ഷെയ്ഖ് മാസില്‍ അല്‍ ജറാഹ് പറഞ്ഞു. നിയലംഘകരായി താമസിക്കുന്നവര്‍ താമസരേഖകള്‍ പിഴകള്‍ അടച്ച് നിയമവിധേയമാവുകയോ അല്ലെങ്കില്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങുകയോ വേണമെന്നു മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പോലുള്ള നിയമപരമായ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു യാതൊരു പദ്ധതിയുമില്ല. രേഖകള്‍ നിയമാനുസൃതമാക്കുവാന്‍വേണ്ടിയുള്ള എല്ലാ സാഹായങ്ങളും സര്‍ക്കാറിലെ വിവധ വകുപ്പുകള്‍ നല്‍കുന്നുണ്ട്. അതേസമയം 1,05,000 ഇഖാമ നിയമലംഘകരായ വിദേശികള്‍ രാജ്യത്തുണ്െടന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ് -20,000 പേര്‍. ബംഗ്ളാദേശ് (19,000), ശ്രീലങ്ക (14,000), എത്യോപ്യ (10,000), ഫിലിപ്പീന്‍സ് (8,000), ഈജിപ്ത് (7,000), സിറിയ (6,000), ഇന്തോനേഷ്യ (5,000), നേപ്പാള്‍ (4,000), പാകിസ്താന്‍ (3,000) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ കണക്ക്. അനധികൃത തൊഴിലാളികളും നിയമലംഘകരും താമസിച്ചുവരുന്നതായി സംശയിക്കുന്ന എല്ലാ കേന്ദ്രങ്ങളും അരിച്ചുപെറുക്കിയുള്ള തുടര്‍ച്ചയായ റെയ്ഡുകളായിരിക്കും അരങ്ങേറുകയെന്നു പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.

അതിനിടെ, രാജ്യത്തേക്കു വിദേശ തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്നതിന്‍റെ ഭാഗമായി ഇഖാമ നിയമ ലംഘകരെ കണ്ടത്തുെന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം മുതല്‍ റെയ്ഡുകള്‍ അടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊതുസുരക്ഷാ വിഭാഗം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍