നിയമസഭയിലെ കൈയാങ്കളി: പ്രാധാന്യത്തോടെ കുവൈറ്റ് മാധ്യമങ്ങളും
Monday, March 16, 2015 5:22 AM IST
കുവൈറ്റ്: പ്രവാസികള്‍ക്കു നാണക്കേടായി നിയമസഭാ ബഹളം കുവൈറ്റിലെ മാധ്യമങ്ങളിലും. നിയമ സഭയിലെ ബജറ്റ് അവതരണ വാര്‍ത്ത കുവൈറ്റിലെ 'അല്‍ അന്‍ബ' ദിനപത്രത്തിലാണ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. സാക്ഷരത്തില്‍ നൂറ് ശതമാനം നേടിയ പ്രബുദ്ധരെന്നു സ്വയം അഹങ്കരിച്ചിരുന്ന മലയാളികളുടെ സംസ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണു നിയമസഭയില്‍ നടന്ന സംഭവങ്ങള്‍. ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ചാണു പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചത്. എംഎല്‍എമാര്‍ തമ്മില്‍ നടന്ന കൈയാങ്കളിയെ പറ്റിയും സഭയില്‍ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ചും പരാമര്‍ശിക്കുന്ന വാര്‍ത്തയില്‍ മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണ തുക ഡോളര്‍ നിരക്കിലാക്കി പത്രം വായനക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. ബജറ്റ് അവതരണത്തിനായി മന്ത്രിക്ക് തലേന്നു സഭയില്‍ കഴിയേണ്ടി വന്ന സാഹചര്യവും എടുത്തു പറയുന്ന പത്രം ലോക പാര്‍ലമന്റ് ചരിത്രത്തില്‍ അപൂര്‍വസംഭവമായാണു സംഭവത്തെ വിശേഷിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍