കേരള റൈറ്റേഴ്സ് ഫോറം കാവ്യസന്ധ്യയും ചര്‍ച്ചാ സമ്മേളനവും ശ്രദ്ധേയമായി
Monday, March 16, 2015 5:21 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റനും കേരള റൈറ്റേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച കവിയരങ്ങും കാവ്യസന്ധ്യയും അത്യന്തം വിജ്ഞാനപ്രദവും ആകര്‍ഷകവുമായി. മാര്‍ച്ച് ഒന്നിനു വൈകുന്നേരം ഹൂസ്റനിലെ കേരള ഹൌസില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തിനു ശേഷം ഹൂസ്റനിലെ പ്രമുഖ കവികളും സാഹിത്യകാരന്മാരും ഒരു കാവ്യമേള തന്നെ ഒരുക്കി. ജോസഫ് മണ്ടപം മോഡറേറ്ററായിരുന്ന കവിയരങ്ങിലേക്കു സെക്രട്ടറി മാത്യു മത്തായി സ്വാഗതമാശംസിച്ചു. കാവ്യമേളയുടെ ആദ്യഭാഗം കവി ദേവരാജ് കുറുപ്പ് കാരാവള്ളി എഴുതിയ വിവിധ കവിതകളുടെ സംഗീതാവിഷ്ക്കാരമായിരുന്നു.

സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ജോസ് ജോണ്‍ തെങ്ങുംപ്ളാക്കല്‍, ജോസഫ് മണ്ടപം, ദേവരാജ് കുറുപ്പ് കാരാവള്ളി എന്നിവര്‍ സംയുക്തമായി കവിതകള്‍ അവതരിപ്പിച്ചു. മലയാളത്തിലെ പ്രമുഖ പിന്നണിഗായകര്‍ പാടിയ ഈ കവിതകളുടെ ഗാനരൂപത്തിലുള്ള സിഡികള്‍ കവി ദേവരാജ് കുറുപ്പ് സദസിനു വിതരണം ചെയ്തു.

കവിയരങ്ങിലെ അടുത്ത പകുതിയില്‍ കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യു മോഡറേറ്ററായിരുന്നു. വൈവിധ്യമേറിയ വിഷയങ്ങളെ ആധാരമാക്കി എഴുതിയ മാധുര്യമേറുന്ന വിവിധ കാവ്യങ്ങളാണു പിന്നീട് അരങ്ങില്‍ ചൊല്ലിയത്. ജോസ് ജോണ്‍, അനില്‍ ജനാര്‍ദനന്‍, മധു ചേരിക്കല്‍, എ.സി.ജോര്‍ജ്, ടി.എന്‍. സാമുവേല്‍, ഈശൊ ജേക്കബ്, അനില്‍ കുമാര്‍ ആറന്മുള, നയിനാന്‍ മാത്തുള്ള, ജോസഫ് തച്ചാറ, ദേവരാജ് കാരാവള്ളി, ജോണ്‍ മാത്യു, ജോസഫ് മണ്ടപം തുടങ്ങിയ പ്രമുഖരാണ് കവിതകള്‍ അവതരിപ്പിച്ചത്. ശശിധരന്‍ നായര്‍ പൊന്നുപിള്ള, ബാബു കുരവക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഊര്‍മിള കുറുപ്പ് നന്ദി രേഖപ്പെടുത്തി.
കേരളാ റൈറ്റേഴ്സ് ഫോറം മാര്‍ച്ച് ഏഴാം തീയതി വൈകുന്നേരം കൂടിയ പ്രത്യേക സമ്മേളനത്തില്‍ വെച്ച് റൈറ്റേഴ്സ് ഫോറത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ടി.ജെ. ഫിലിപ്പ് കേരളത്തിലേക്കു മടങ്ങുന്നതു പ്രമാണിച്ച് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ഒരു പ്രത്യേക സാഹിത്യ ചര്‍ച്ചാസമ്മേളനം കൂടി സംഘടിച്ചു. പ്രസിഡന്റ് ജോണ്‍ മാത്യു സ്വാഗതമാശംസിക്കുകയും സാഹിത്യകാരനായ ടി.ജെ. ഫിലിപ്പിന് യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു. ഫോമയുടെ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ റൈറ്റേഴ്സ് ഫോറത്തിന്റെ ചര്‍ച്ചാ സമ്മേളനങ്ങള്‍ വളരെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണെന്ന് അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18 മുതല്‍ മേയ് 2 വരെ ഹൂസ്റനിലെ ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുംഭമേള ആഘോഷങ്ങളിലേക്ക് ഏവരെയും അദ്ദേഹം ക്ഷണിച്ചു.

യോഗം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റേയും കേരളത്തിന്റെ ഒരു ബൌദ്ധിക ശബ്ദവും ഇന്ത്യന്‍ വിദേശകാര്യ തന്ത്രജ്ഞനുമായ പ്രഫസര്‍ നൈനാന്‍ കോശിയുടേയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്നുള്ള ചര്‍ച്ചാസമ്മേളനത്തിന്റെ മോഡറേറ്ററായി ജോസഫ് തച്ചാറ പ്രവര്‍ത്തിച്ചു. ടി.ജെ. ഫിലിപ്പ് ഭൂരിപക്ഷത്തിന്റെ ശാസ്ത്രപ്രതിസന്ധികള്‍ എന്ന വിഷയത്തെ ആധാരമാക്കി പഠനപ്രബന്ധം അവതരിപ്പിച്ചു. ജയിംസ് തുണ്ടത്തില്‍, ജോണ്‍ മാത്യു, ദേവരാജ് കുറുപ്പ് കാരാവള്ളില്‍, അതുല്‍ കൃഷ്ണ, ബോബി മാത്യു, ജോസഫ് മണ്ടപം, ശശിധരന്‍ നായര്‍, പീറ്റര്‍ ജി. പൌലോസ്, മാത്യു മത്തായി, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി മാത്യു മത്തായി നന്ദിപ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്