ഫിലാഡല്‍ഫിയായില്‍ സപ്തതി പിന്നിട്ടവരെ ആദരിച്ചു
Saturday, March 14, 2015 8:46 AM IST
ഫിലാഡല്‍ഫിയ: സപ്തതി പിന്നിട്ട ഫിലാഡല്‍ഫിയ ഏരിയയില്‍നിന്നുള്ള സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിച്ചു.

മാര്‍ച്ച് എട്ടിന് (ഞായര്‍) ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ നൂറ്റമ്പതിലധികം പേര്‍ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ നടന്ന സമ്മേളനത്തിനു ഷെല്‍ബി തോമസിന്റെ പ്രാര്‍ഥനാഗാനത്തോടെ തുടക്കമായി. മുതിര്‍ന്ന തലമുറ സഭയ്ക്കും ഭദ്രാസനത്തിനും വേണ്ടി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങളെ മാര്‍ നിക്കോളോവോസ് ശ്ളാഘിച്ചു. മാര്‍ മക്കാറിയോസിന്റെയും മാര്‍ ബര്‍ണബാസിന്റെയും പ്രാര്‍ഥനാനിര്‍ഭരമായ സേവനങ്ങളെയും മാര്‍ നിക്കോളോവോസ് പരാമര്‍ശിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, ഭദ്രാസന കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ആദരവ് സമ്മേളനങ്ങളെകുറിച്ച് സംസാരിച്ചു. കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ് കൃതജ്ഞത പറഞ്ഞു. ഏരിയ കോഓര്‍ഡിനേറ്റര്‍ ഡോ. സാക് സഖറിയ എംസിയായിരുന്നു.

മുതിര്‍ന്നവരുടെ പ്രതിനിധിയായി സംസാരിച്ച, സണ്‍ഡേസ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലത്തെ സേവനപാരമ്പര്യമുള്ള കോര മാണി, ഭദ്രാസനത്തിലെ പഴയകാല പ്രവര്‍ത്തനകാലത്തെ അനുസ്മരിച്ചതിനൊപ്പം സീനിയേഴ്സിനെ ആദരിച്ചതില്‍ കൌണ്‍സിലിനു നന്ദി അറിയിച്ചു.

ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് സെക്രട്ടറി ജോളി തോമസും അര്‍ഹിക്കുന്ന ആദരം സീനിയേഴ്സിന് നല്‍കിയതില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍