ഗോവധം; ഫാസിസ്റ് അജണ്ടയെ ജനാധിപത്യ രീതിയില്‍ നേരിടുക: ഐഡിസി സെമിനാര്‍
Saturday, March 14, 2015 8:42 AM IST
ജിദ്ദ: വര്‍ഗീയ ഫാസിസ്റുകളുടെയും കുത്തക മുതലാളിമാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മാട്ടിറച്ചി നിരോധത്തിനുള്ള ബിജെപി ഗവണ്‍മെന്റിന്റെ നീക്കമെന്ന് ഇതു സംബന്ധമായി ഐഡിസി സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഈ നീക്കത്തെ പ്രതിരോധിക്കാനും അതിനോട് വിയോജിക്കാനും ജനാധിപത്യ രാജ്യത്ത് അവകാശമുണ്െടന്ന് 'മാട്ടിറച്ചിയിലെ രാഷ്ട്രീയം' എന്ന സെമിനാറിലെ പ്രസംഗകര്‍ പറഞ്ഞു. വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തിനുവേണ്ടി ഭൂരിപക്ഷത്തിന്റെ താത്പര്യം ഹനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഗുരുതരമായ സാമൂഹിക സാംസ്കാരിക സാമ്പത്തിക പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നും ഇതിനെതിരെ ശക്തമായ ബോധവത്കരണവും പ്രതിഷേധവും ഉണ്ടാകണമെന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഗോവധം നടപ്പിലായാല്‍ മാടുകളുടെ എണ്ണം വര്‍ധിക്കുകയും പരിസ്ഥിതിയെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കെഎംസിസി പ്രതിനിധിയും ഒഡെപക് ചെയര്‍മാനുമായ കെ.പി മുഹമ്മദുകുട്ടി പറഞ്ഞു. ഈ നിയമം യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഘര്‍വാപ്പാസി, ഗോവധ നിരോധം തുടങ്ങിയയെല്ലാം മതേതര ജനാധിപത്യ രാജ്യത്തെ വീണ്ടും ചാതുര്‍വര്‍ണ്യ കാലഘട്ടത്തിലേക്ക് നയിക്കുന്നവയാണെന്നു നവോദയ പ്രതിനിധി ഷിബു തിരുവനന്തപുരം പറഞ്ഞു. ആഹാര ശൃംഘലയിലെ രണ്ടാമത്തെ കണ്ണിയായ മാടുകളെ അറുത്ത് ഭക്ഷിച്ചില്ലെങ്കില്‍ മാടുകളുടെ എണ്ണം വര്‍ധിക്കുകയും അത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രകൃതി നിയമത്തിനു വിരുദ്ധമാണ് ഈ നീക്കം. ബ്രസീലിലെ വന്‍കിട മാട്ടിറച്ചിയുല്പാദന കമ്പനികള്‍ വിലയ്ക്കു വാങ്ങിയ അദാനി ഗ്രൂപ്പിന്റെ താല്‍പര്യപ്രകാരം കൂടിയാണ് ബിജെപി ഗവണ്‍മെന്റ് ഇന്ത്യയില്‍ മാട്ടിറച്ചി നിരോധിക്കുന്നതെന്നും ഷിബു പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ ധാര്‍ഷ്ട്യത്തിനു ജനാധിപത്യ രീതിയില്‍ തന്നെ മറുപടി നല്‍കണമെന്ന് ഗള്‍ഫ് മാധ്യമം പ്രതിനിധി വി.എം. ഇബ്രാഹിം പറഞ്ഞു. ഗോമാംസ നിരോധം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാട്ടിറച്ചി നിരോധം ഇന്ത്യയില്‍ നടപ്പിലാകില്ലെന്നും ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള നാടകമായി വേണം ഇതിനെ കാണേണ്ടത് എന്നും ഗോപി നെടുങ്ങാടി പറഞ്ഞു. ആരാണോ ഈ നീക്കത്തിന് പിന്നില്‍, അവരുടെ പൂര്‍വികര്‍ ഗോമാംസം കഴിച്ചിരുന്നു. പ്രധാനപ്പെട്ട വേദങ്ങളിലും ഗോമാംസം നിഷിദ്ധമായി കാണുന്നില്ല. പ്രകോപനം സൃഷ്ടിച്ച് തീവ്രവാദത്തിനു വിത്ത് പാകുകയാകാം ഗവണ്‍മെന്റിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളില്‍ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ അജണ്ടയാണിതെന്നും ഭൂരിപക്ഷത്തിനു തങ്ങളുടെ മൌലികമായ അവകാശം കാത്തു സൂക്ഷിക്കാനുള്ള അവകാശം ഉണ്െടന്നും ഒഐസിസി പ്രതിനിധി എ.പി കുഞ്ഞാലി ഹാജി പറഞ്ഞു.

സംഘ പരിവാര സംഘടനകളെ തൃപ്തിപ്പെടുത്തുകയോ, മുസ്ലിങ്ങളുടെ ശക്തി പരീക്ഷിക്കുകയോ ആകാം ബിജെപിയുടെ ഈ നീക്കത്തിന് പിന്നിലെന്നും മതേതരവിശ്വാസിയായ രാഷ്ട്രപതി ഈ നിയമത്തില്‍ ഒപ്പുവച്ചത് അത്ഭുതപ്പെടുത്തിയെന്നും ഐഎംസിസി പ്രതിനിധി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഗോക്കളെ ഏറ്റവുമധികം ബഹുമാനിച്ച മതമാണ് ഇസ്ലാം എന്നും വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ അധ്യായത്തിന് 'പശു' എന്ന പേര് നല്‍കിയത് ഇതിനു ഉദാഹരണമാണെന്നും ഐഡിസി പ്രതിനിധി ഹുസൈന്‍ ബാഖവി പറഞ്ഞു.

ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ.എച്ച്.എം മുനീര്‍ മോഡറേറ്റര്‍ ആയിരുന്നു. സാജിര്‍ കുറ്റൂര്‍ വിഷയം അവതരിപ്പിച്ചു. ഫതാഹ് ചാവക്കാട് ഖിറാഅത്ത് നടത്തി. നാസര്‍ ചാവക്കാട് സ്വാഗതവും ഷാക്കിര്‍ കിഴിശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍