എച്ച് 1 എന്‍1: റിയാദില്‍ മരിച്ച ആലപ്പുഴ സ്വദേശിനി വീട്ടമ്മയുടെ മൃതദേഹം നാട്ടില്‍ സംസ്കരിച്ചു
Saturday, March 14, 2015 2:38 AM IST
റിയാദ്: എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയില്‍ പനി പിടിച്ച് റിയാദിലെ ഉബൈദ് ആശുപത്രിയില്‍ മരിച്ച ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശി ഗിരീഷ് കുമാറിന്റെ ഭാര്യ അനിതയുടെ (43) മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം സ്വദേശത്ത് സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയ മൃതദേഹം ബന്ധുക്കള്‍ എയര്‍പോര്‍ട്ടില്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടു പോവുകയായിരുന്നു.

പനിയും ശ്വാസതടസവും വന്ന് അനിതയെ ഫെബ്രവരി 21 നാണ് റിയാദ് മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെ അവിടെ ചികിത്സയിലായിരുന്നു. പകര്‍ച്ചവ്യാധിയായിതിനാല്‍ പകരാതിരിക്കാനുള്ള മുന്‍കരുതലെല്ലാമെടുത്താണ് നാട്ടിലേക്ക് മൃതദേഹം അയച്ചത്. ഭര്‍ത്താവ് ഗിരീഷും മക്കളായ ആര്യയും ലക്ഷ്മിയും ബന്ധുവായ സജിയും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോയി.

റിയാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് ഗിരീഷ് കുമാര്‍. മൂത്ത മകള്‍ ആര്യ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. അനിതയുടെ മരണത്തിന്റെ പിറ്റേ ദിവസമാണ് ആര്യയുടെ പബ്ളിക് പരീക്ഷ തുടങ്ങിയത്. അമ്മയുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും ആര്യ ആദ്യ പരീക്ഷയെഴുതി. അടുത്ത പരീക്ഷയുള്ള തിങ്കളാഴ്ച ആര്യ റിയാദില്‍ തിരിച്ചെത്തും. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് ബന്ധുക്കളെ സഹായിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍