കണ്ണൂര്‍ ജില്ലാ കെഎംസിസി മാനവസേവാ അവാര്‍ഡ് വിതരണം ചെയ്തു
Friday, March 13, 2015 8:06 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ മാനവസേവാ പുരസ്കാരം റിയാദില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. റിയാദ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വര്‍ഷത്തെ പുരസ്കാര വിജയികള്‍ക്ക് അവാര്‍ഡുകള്‍ കൈമാറി.

സൌദി അറേബ്യയിലെ റിയാദിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കാണ് എല്ലാ വര്‍ഷവും ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ മാനവസേവാ പുരസ്കാരം നല്‍കുന്നത്.

കെഎംസിസി എന്ന പ്രവാസി ജീവകാരുണ്യ സംഘശക്തിയെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, റിയാദിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കുന്ന ബ്ളാത്തൂര്‍ അബൂബക്കര്‍ ഹാജി, സൌദിയിലെ പ്രമുഖ വിദ്യാഭ്യാസ സംരഭകനും ബിഎംബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ടി.പി. മുഹമ്മദ്, മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി നാസര്‍ അബൂബക്കര്‍, പ്രമുഖ ആര്‍ക്കിടെക്ട് എന്‍.കെ. സൂരജ്, കെഎംസിസി നേതാവ് ഷാജി ആലപ്പുഴ എന്നിവരെയാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുത്തിരുന്നത്.

സമൂഹത്തില്‍ ഗുണകരമായി പ്രവര്‍ത്തിക്കുകയും എല്ലാവര്‍ക്കും മാതൃകയാകുകയും ചെയ്യുന്ന ഇവരെ ആദരിക്കാന്‍ കെഎംസിസി കാണിക്കുന്ന താത്പര്യത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകീര്‍ത്തിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസന പ്രവര്‍ത്തനങ്ങള്‍ പ്രവാസികളുടെ ദൈനംദിന യാത്രകള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നടത്തണമെന്നു ബന്ധപ്പെട്ടവരോടു മുസ്ലിം ലീഗ് ആവശ്യപ്പെടുമെന്നു തങ്ങള്‍ ഉറപ്പു നല്‍കി.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുള്‍ ഖാദര്‍ മൌലവി, കെ.പി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്, താഹിര്‍ ഉമ്മഞ്ചിറ, ടി.കെ. അലി, എം.കെ. ഹംസ, യു.പി. മുസ്തഫ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഹാഷിം നീര്‍വേലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വി.കെ. മുഹമ്മദ് സ്വാഗതവും മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍