'നിയമസഭയില്‍ അഴിഞ്ഞാടിയ പ്രതിപക്ഷ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി'
Friday, March 13, 2015 8:05 AM IST
റിയാദ്: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരാവാദിത്തമായ ബജറ്റ് അവതരണത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് നാളിതു വരെ കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ നിയമസഭയില്‍ അഴിഞ്ഞാടിയ പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധവും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നിയമസഭാ സ്പീക്കര്‍ക്കുനേരെ നടന്ന ആക്രമണം തീര്‍ത്തും അപലപനീയമാണ്. ഇതിനു തുനിഞ്ഞ നിയമസഭാ സാമാജികര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.

സ്പീക്കറുടെ ചേംബറില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയും സ്പീക്കര്‍ക്കു സഭാ നടപടികള്‍ സുഗമമായി നടത്താന്‍ സാധിക്കാത്തവിധം തടസപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം ധിക്കാരപരമാണ്. കേരളത്തിനാകമാനം അപമാനമുണ്ടാക്കിയ ഈ സംഭവത്തിന്റെ ഉത്തരവാദിത്ത സ്വയം ഏറ്റെടുത്ത് ഇതിനു നേതൃത്വം കൊടുത്ത പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ ആ സ്ഥാനം രാജിവയ്ക്കണമെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍