കാനഡയില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളി ജോബ്സണ്‍
Friday, March 13, 2015 6:20 AM IST
മാര്‍ക്കം: കാനഡയിലെ മലയാളിസമൂഹത്തിന് ഇതു അഭിമാനമുഹൂര്‍ത്തം. ഈ വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു മലയാളിയും. മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍നിന്നു ഭരണകക്ഷിയായ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മാരാമണ്‍ സ്വദേശിയായ ജോബ്സണ്‍ മത്സരിക്കുന്നു. ജയിച്ചാല്‍, കാനഡയില്‍ പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ മലയാളിയാകും ജോബ്സണ്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി മാര്‍ക്കം തോണ്‍ഹില്ലിലെ സ്ഥാനാര്‍ഥിയായി ജോബ്സനെ തെരഞ്ഞെടുത്തു. സ്ഥാനാര്‍ഥിത്വത്തിനായി മറ്റു നാലു പേര്‍ കൂടി രംഗത്തുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിസ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് ഈ മണ്ഡലത്തില്‍ വേണ്െടന്നു നിര്‍വാഹകസമിതി തീരുമാനിക്കുകയായിരുന്നു. ജയസാധ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് നടപടി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഒക്ടോബറില്‍ നടക്കുമെന്നാണു കരുതപ്പെടുന്നത്. നിലവിലെ പാര്‍ലമെന്റില്‍ അംഗമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ജോ ഡാനിയലിനു കേരളത്തില്‍ വേരുകളുണ്ട്. എന്നാല്‍, ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്.

നിലവില്‍ പാര്‍ലമെന്റ് അംഗമായ ലിബറല്‍ പാര്‍ട്ടിയുടെ ജോണ്‍ മക്കാലമാകും ജോബ്സന്റെ മുഖ്യ എതിരാളി എന്നാണു കരുതപ്പെടുന്നത്. അതിര്‍ത്തികള്‍ മാറ്റി പുനര്‍രൂപീകരിക്കപ്പെട്ട മാര്‍ക്കം തോണ്‍ഹില്ലില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സ്വാധീനം ജോബ്സനെ തുണയ്ക്കുമെന്നാണു പ്രതീക്ഷ.

കോഴഞ്ചേരി മാരാമണ്‍ ആറങ്ങാട്ട് മടോലില്‍ കുടുംബാംഗമായ ജോബ്സണ്‍ 1993ലാണു കുടുംബത്തോടൊപ്പം കാനഡയിലേക്കു കുടിയേറിയത്. രണ്ടുപതിറ്റാണ്ടായി രാഷ്ട്രീയ, സാംസ്കാരികപ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യവസായി എന്ന നിലയിലും മാര്‍ക്കം മേഖലയില്‍ സുപരിചിതനാണ്. സൌത്ത് ഏഷ്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജോബ്സന് ഈ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഉറപ്പാക്കും. മാര്‍ക്കം റെയ്സ് റിലേഷന്‍ കമ്മിറ്റി, ബോക്സ് ഗ്രോവ് ഫണ്‍ഫെസ്റ് എന്നിവയുടെ അധ്യക്ഷനാണ്. ബോക്സ് ഗ്രോവ് കമ്യൂണിറ്റി അസോസിയേഷന്‍, മാര്‍ക്കം വില്ലേജ് മ്യൂസിക് ഫെസ്റിവല്‍ എന്നിവയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

സാമൂഹിക മേഖലയിലെ സേവനങ്ങള്‍ക്ക് 2012ല്‍ രാജ്ഞിയുടെ പേരിലുള്ള ഡയമണ്ട് ജൂബിലി മെഡലിന് അര്‍ഹനായി. മാര്‍ക്കം നഗരത്തില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ നഗരസഭയും അനുമോദിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ്. മാര്‍ക്കം തോണ്‍ഹില്‍ കണ്‍സര്‍വേറ്റീവ് അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

ഭാര്യ: മാര്‍ക്കം സ്റ്റോഫ്വില്‍ ഹോസ്പിറ്റല്‍ ജീവനക്കാരി ഇന്ദു ഈശോ. മക്കള്‍: വിദ്യാര്‍ഥികളായ അലന്‍, അലീന.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്