ഇന്റല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് മത്സരങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
Thursday, March 12, 2015 6:43 AM IST
വാഷിംഗ്ടണ്‍ ഡിസി: 2015 ഇന്റല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് ഫൈനല്‍ മത്സരങ്ങളില്‍ മൂന്നു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്കു വിജയം.

മാര്‍ച്ച് 10നു (ചൊവ്വ) വാഷിംഗ്ടണില്‍ നടന്ന പ്രീ കോളജ് സയന്‍സ് ആന്‍ഡ് മാത്ത് മത്സരങ്ങളിലാണ് കാലിഫോര്‍ണിയയില്‍നിന്നുളള ശരണേഷ് തനിക പ്രേം ബാബു (17) 75,000 ഡോളറും അവാര്‍ഡും കരസ്ഥമാക്കി. വെസ്റ് ചെസ്ററില്‍ നിന്നുളള കിഷോറും അരിസോണ സ്കോര്‍ട്ട്ഡെയ്ലില്‍നിന്നുളള അവിത ഗുപ്തയും മൂന്നാം സ്ഥാനം പങ്കിട്ടു.

ഒരു മില്യണ്‍ ഡോളറിന്റെ അവാര്‍ഡാണ് ഇന്റല്‍ കോര്‍പറേഷന്‍ വിജയികള്‍ക്കായി സമ്മാനിച്ചത്.

രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതുമായ അവാര്‍ഡാണിത്.

പ്രേം ബാബുവിന് ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടിംഗ് ആപ്ളിക്കേഷനില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും കിഷോറിനു മാത്ത് പ്രോജക്ടിലും ഗുപ്തയ്ക്ക് കാന്‍സര്‍, ട്യൂബര്‍ കുലോസിസ്, എബോള എന്നീ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കംപ്യൂട്ടറിന് എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്.

കിഷോറിനും അവിതക്കും 35,000 ഡോളറിന്റെ അവാര്‍ഡാണു ലഭിച്ചിരിക്കുന്നത്.

ഫൈനല്‍ മത്സരങ്ങളില്‍ 40 വിദ്യാര്‍ഥികള്‍ പങ്കെടുത്തവരില്‍ 13 വിദ്യാര്‍ഥികളും ഇന്ത്യന്‍ വംശജരായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍