അഷ്റഫ് വധക്കേസ്; മണ്ണില്‍ മുസ്തഫ മോചിതനാകുന്നു
Thursday, March 12, 2015 6:34 AM IST
റിയാദ്: മംഗലാപുരം സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റിലായി വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്ന മണ്ണാര്‍ക്കാട് സദേശി മണ്ണില്‍ മുസ്തഫ വ്യാഴാഴ്ച ജയില്‍മോചിതനാകും. ഉച്ചകഴിഞ്ഞ് 3.45നു കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുസ്തഫ നാട്ടിലേക്ക് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ കേസില്‍ പിടിയിലായി ശിക്ഷിക്കപ്പെട്ടിരുന്ന മുസ്തഫയ്ക്കും മറ്റു മൂന്നു മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണു മോചനം സാധ്യമായത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട അഷ്റഫിന്റെ റിയാദിലുണ്ടായിരുന്ന പിതാവുമായി നിരന്തരം ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് മോചനദ്രവ്യം സ്വീകരിച്ച് മകന്റെ ഘാതകര്‍ക്ക് മാപ്പു നല്‍കാന്‍ അദ്ദേഹം തയാറാവുകയായിരുന്നു. മോചനദ്രവ്യമായി ആവശ്യപ്പെട്ട 80 ലക്ഷം ഇന്ത്യന്‍ രൂപ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ കെട്ടിവയ്ക്കാന്‍ പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ. സി.കെ മേനോനാണു നല്‍കിയത്. മുസ്തഫയോടൊപ്പം ശിക്ഷിക്കപ്പെട്ടിരുന്ന മൂന്നു പേര്‍ കഴിഞ്ഞ ഡിസംബറില്‍ മോചിതരായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ മുസ്തഫയുടെ യാത്ര നീളുകയായിരുന്നു.

2008 മേയിലാണ് അഷ്റഫ് കൊല്ലപ്പെടുന്നത്. ഇതേത്തുടര്‍ന്ന് അഷ്റഫിന്റെ സുഹൃത്തുക്കളായ തിരുവനന്തപുരം നെടുമങ്ങാട് സദേശി മുഹമ്മദ് സക്കീര്‍ (36), പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് കുന്നത്ത് മുസ്തഫ (33), കണ്ണൂര്‍ ഇരിട്ടി സജ്ന മന്‍സിലില്‍ ഫസല്‍ (35), മണ്ണാര്‍ക്കാട് മണ്ണില്‍ മുസ്തഫ (35) എന്നിവരാണു പോലീസ് പിടിയിലായത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം പോളിത്തീന്‍ ബാഗില്‍ കെട്ടി മാലിന്യപ്പെട്ടിയില്‍ തള്ളുന്നതിനിടെ മതകാര്യ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ കുറ്റക്കാരാണെന്നു കണ്െടത്തിയ കോടതി നാലു പേരെയും വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷയും കാത്ത് മലസ് ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് ഇവരുടെ മോചനശ്രമങ്ങള്‍ക്കായി മുഖ്യമന്ത്രി ശിഹാബ് കൊട്ടുകാടിനെ ചുമതലപ്പെടുത്തുന്നത്. റിയാദിലുള്ള അഷ്റഫിന്റെ പിതാവുമായി വര്‍ഷങ്ങളോളം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് 80 ലക്ഷം രൂപയ്ക്കു മാപ്പ് നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചത്.

പിന്നീട് കോടതിയില്‍ കെട്ടിവയ്ക്കാനുള്ള 80 ലക്ഷം രൂപയ്ക്കുള്ള ശ്രമങ്ങളാരംഭിച്ചു. പലരില്‍നിന്നും സഹായ വാഗ്ദാനങ്ങളുണ്ടായെങ്കിലും ഒന്നിച്ച് 80 ലക്ഷം സംഭാവനയായി നല്‍കാന്‍ ഡോ. സി.കെ. മോനോന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. പണം നാലു വര്‍ഷം മുമ്പു തന്നെ കോടതിയില്‍ കെട്ടിവച്ച് കേസ് ഒത്തുതീര്‍പ്പായെങ്കിലും മറ്റു വകുപ്പുകളില്‍ കൂടി വിധിക്കപ്പെട്ട ശിക്ഷകള്‍ കഴിയേണ്ടതിനാലാണു മോചനം നീണ്ടുപോയത്. അല്‍ ഹായിര്‍ ജയിലിലായിരുന്ന മുസ്തഫ ഒഴികെയുള്ളവര്‍ മുമ്പേ മോചിതരായി നാട്ടിലെത്തിയിരുന്നു. മുസ്തഫയുടെ പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിക്കുന്നതിനായി തര്‍ഹീല്‍ അധികൃതരെ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും സ്പോണ്‍സര്‍ നേരത്തേതന്നെ പാസ്പോര്‍ട്ട് ഹുറൂബാക്കിയിരുന്നതിനാല്‍ എക്സിറ്റ് അടിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സ്പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്െടത്തിയിരുന്നില്ല. അതാണു മുസ്തഫയുടെ മോചനം നീണ്ടു പോകാന്‍ കാരണമായത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍