ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 19 മുതല്‍
Thursday, March 12, 2015 6:31 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ അമ്പതു നോമ്പിനോടനുബന്ധിച്ചു നടത്തിവരാറുള്ള വാര്‍ഷികധ്യാനം, മാര്‍ച്ച് 19നു(വ്യാഴം) മുതല്‍ 22(ഞായര്‍) വരെ നടത്തുന്നു.

ധ്യാനം നയിക്കുന്നതു ശാലോം ടെലിവിഷനിലും മറ്റു ചാനലുകളിലും വചനപ്രഘോഷണങ്ങള്‍ നടത്തി അനേകായിരങ്ങളെ അഭിഷേകത്തിലേക്കും മാനസാന്തരത്തിലേക്കും സൌഖ്യത്തിലേക്കും നയിക്കുന്ന റവ. ഫാ. ജോ പാച്ചേരിയില്‍ സിഎംഐ ആണ്. കേരളത്തിലെ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ അസിസ്റന്റ് ഡയറക്ടറായിരുന്ന ഫാ. ജോ, ഇപ്പോള്‍ അമേരിക്കയിലെ ചാവറ മിനിസ്ട്രികള്‍ക്കു നേതൃത്വം നല്‍കുന്നു.

19നു(വ്യാഴം) ആറിനുള്ള ദിവ്യബലിയോടനുബന്ധിച്ച് ആരംഭിക്കുന്ന ധ്യാനം ദിവ്യകാരുണ്യ ആരാധനയെത്തുടര്‍ന്ന് 9.30നു സമാപിക്കും. വെള്ളിയാഴ്ച ആറിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനശുശ്രൂഷയെത്തുടര്‍ന്ന് ആരാധനയോടെ 9.30ന് അന്നത്തെ ശുശ്രൂഷ അവസാനിക്കും. ശനി രാവിലെ 10നു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ധ്യാനശുശ്രൂഷകള്‍ ദിവ്യകാരുണ്യ ആരാധനയെത്തുടര്‍ന്ന് ഏഴിനു സമാപിക്കും. 22നു(ഞായര്‍) രാവിലെ ഒമ്പതേമുക്കാല്‍ മുതല്‍ തുടരുന്ന ധ്യാനം രാത്രി ഏഴിന് സമാപിക്കും. വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിക്കു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

എല്ലാ ധ്യാനദിവസങ്ങളിലും വചനപ്രഘോഷണം, ആരാധന, അനുരഞ്ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷിജന്‍ വടക്കേല്‍ നയിക്കുന്ന ഗാനശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെടുന്ന വചന ശുശ്രൂഷകളിലേക്കും കുടുംബനവീകരണം ആചരിക്കുന്ന ഈ വര്‍ഷം കൂടുതല്‍ ആത്മവിശുദ്ധീകരണം നേടി, ദൈവത്തിന്റെ പ്രിയമക്കളായിത്തീരുന്നതിനുവേണ്ടിയും എല്ലാദൈവവിശ്വാസികളും ധ്യാനത്തില്‍ പങ്കെടുത്ത്, അനുഗ്രഹപ്രദമാക്കണമെന്നു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

റിപ്പോര്‍ട്ടര്‍: ബിനോയി കിഴക്കനടി