ബ്രാംപ്ടണ്‍ മലയാളി സമാജം 'കിഡ്സ് വേദി' പുനഃസംഘടിപ്പിച്ചു
Wednesday, March 11, 2015 8:22 AM IST
ടൊറന്റോ: ബ്രാംപ്ടണ്‍ മലയാളി സമാജം കിഡ്സ് വേദി പുനഃസംഘടിപ്പിച്ചു. മാര്‍ച്ച് ഏഴിന് (ശനി) ബിഎംഎസിന്റെ കെന്നഡി റോഡിലുള്ള സമാജം സെന്ററില്‍ പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷത്തില്‍ ചേര്‍ന്ന യോഗം കിഡ്സ് വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബ്രയാന്‍ ജോസ് (ചെയര്‍പേഴ്സണ്‍), ആദി ശങ്കര്‍, വര്‍ണ ശിവകുമാര്‍ (വൈസ് ചെയര്‍പേഴ്സണ്‍സ്) എന്നിവരടങ്ങിയ കമ്മിറ്റിക്ക് രൂപം നല്‍കി.

കലാ-കായിക-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആണു 'കിഡ്സ് വേദി' ലക്ഷ്യമിടുന്നത്. പുത്തന്‍ തലമുറയിലെ കുട്ടികളില്‍ നേതൃഗുണങ്ങളും കേരളത്തിന്റെ പൈതൃകം, സംസ്കാരം എന്നിവ വളര്‍ത്തുന്നതിനും കുട്ടികള്‍ക്കിടയില്‍ കുടുംബകൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേദി തുടക്കം കുറിച്ചു. മാര്‍ച്ച് 21നു നടക്കുന്ന 'കിഡ്സ് ഫെസ്റ്' കലാ മത്സരങ്ങളില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള ദൌത്യം ഏറ്റെടുത്തു നടത്തുന്നതു കിഡ്സ് വേദി ആണ്. കിഡ്സ് വേദിയുടെ ആദ്യ പൊതുയോഗം മാര്‍ച്ച് 14നു (ശനി) വൈകിട്ട് 5.30നു ബിഎംഎസ് സെന്ററില്‍ ചേരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള