ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്: ഹൂസ്റണ്‍ സെന്റ് ജോസഫ് ജേതാക്കള്‍
Wednesday, March 11, 2015 6:21 AM IST
ഹൂസ്റണ്‍: മാര്‍ച്ച് ഏഴ്, എട്ട് (ശനി, ഞായര്‍) തീയതികളില്‍ ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ് (ഐപിറ്റിഎഫ് 2015) കലാമാമാങ്കത്തിനു തിരശീല വീണു.

ഹൂസ്റണ്‍ സെന്റ് ജോസഫ് ഇടവക ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ജേതാക്കളായി. ഗാര്‍ലന്‍ഡ് സെന്റ് തോമസ്, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ എന്നീ ഇടവകകളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

ശനി രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജഗ്ദല്‍പുര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലമ്പറമ്പില്‍ ഔപചാരികമായി തിരി തെളിച്ചതോടെ മല്‍സരങ്ങള്‍ ആരംഭിച്ചു. വിവിധ ഇടവകകളില്‍നിന്നു വന്ന കലാകാരന്മാരുടെയും കലാകാരികളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഏവര്‍ക്കും വിസ്മയം ജനിപ്പിച്ചു.

ഏകദേശം 350 കലാകാരന്മാരാണു വിവിധയിനങ്ങളിലായി മത്സരിച്ചത്. ഹൂസ്റണ്‍ സെന്റ് ജോസഫ് കലാകാരന്മാര്‍ അവതരിപ്പിച്ച ഗ്രാന്‍ഡ് ഫിനാലെയോടുകൂടിയാണു ടെക്സസ് ഒക്ലഹോമ റീജണിലെ എട്ടു ഇടവകകള്‍ പങ്കെടുത്ത ഫെസ്റിനു തിരശീല വീണത്.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ സാന്നിധ്യം ഏവര്‍ക്കും ആവേശമായിരുന്നു. ആയിരത്തില്‍പരം കാണികളുടെ സാന്നിധ്യം സദസിനു കൊഴുപ്പേകി.

ഹൂസ്റണ്‍ സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി, പോള്‍ ജോസഫ്, പ്രീതി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. കൈക്കാരന്മാരായ ജോയ് ചെഞ്ചേരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, മറ്റു വോളന്റിയേഴ്സ് എന്നിവര്‍ പരിപാടിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

ഗാര്‍ലന്‍ഡ് ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍, ഒക്ലഹോമ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ. ഡൊമിനിക് പെരുനിലത്ത് എന്നീ വൈദികരും കുട്ടികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളുമായി പാരീഷ് ഫെസ്റിന്റെ വിജയത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍