ഖുബൂസ് വിലവര്‍ധന നിഷേധിച്ച് വാണിജ്യ മന്ത്രാലയം
Wednesday, March 11, 2015 6:16 AM IST
കുവൈറ്റ്: കുവൈറ്റികളുടെ അവശ്യ ഭക്ഷണസാധനങ്ങളില്‍ ഒന്നായ ഖുബൂസിന്റെ വിലയില്‍ വര്‍ധന വരുത്തില്ലെന്നു കുവൈറ്റ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖുബൂസിന്റെ വിലയിലായിരിക്കും മാറ്റം വരുത്താത്തത്. 50 ഫില്‍സിനു വില്‍ക്കുന്ന ഖുബൂസുകളുടെ പയ്ക്കറ്റിനു 70 ഫില്‍സായി വര്‍ധിപ്പിക്കുന്നു എന്ന വാര്‍ത്താ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്താ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവിഭാഗം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ അനേസി അറിയിച്ചു. മന്ത്രിസഭയുടെ പരിഗണനയ്ക്കായി അത്തരം ഒരു വിഷയം മന്ത്രാലയം സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വ്യാജ ഉത്പന്നങ്ങള്‍ക്കെതിരേ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തു വ്യാജ ഉത്പന്നങ്ങളുടെ വിപണനം വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതായി കണ്െടത്തിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഉത്പന്നനങ്ങളുടെ വ്യാപാരം തടയാനായി രാജ്യത്തുടനീളം പരിശോധന നടത്താന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിപണിയില്‍ ഇറക്കിയിരുന്ന വ്യാജ ഷാംപൂ അബ്ദലിയിലെ ഒരു വെയര്‍ഹൌസില്‍ നടത്തിയ പരിശോധനയില്‍ 2,000 പെട്ടിയും വിപണനകേന്ദ്രങ്ങളില്‍നിന്ന് 400 പെട്ടിയും പിടികൂടിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍