ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
Wednesday, March 11, 2015 4:47 AM IST
ഹൂസ്റണ്‍: വിശ്വാസദീപ്തിയില്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍ മാറ്റൊലികൊണ്ട ശുഭമുഹൂര്‍ത്തത്തില്‍ മലങ്കര കത്തോലിക്കാ സഭയ്ക്കും നാടിനുമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിക്കപ്പെട്ടു. അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെയും പ്രത്യേകിച്ച് ഹൂസ്റണിലെ ഇടവകാംഗങ്ങളുടെയും ചിരകാലാഭിലാഷമാണ് ഈ ദേവാലയ സമര്‍പ്പണത്തിലൂടെ നിറവേറപ്പെട്ടത്.

വിശുദ്ധ പത്രോസ് ശ്ളീഹായുടെ നാമധേയത്തില്‍ പുതുതായി നിര്‍മിച്ച ദേവാലയത്തിന്റെ സമര്‍പ്പണച്ചടങ്ങിനു തുടക്കം കുറിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൌസേബിയോസ് തിരുമേനി, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഗാല്‍വസ്റണ്‍-ഹൂസ്റണ്‍ അതിരൂപത സഹായമെത്രാന്‍ ജോര്‍ജ് എ ഷെല്‍ട്സ് എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി. മാര്‍ യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതപ്രാര്‍ഥനയോടെ കൂദാശാകര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്റാഫോര്‍ഡ് സിറ്റി മേയര്‍ ലെനാര്‍ഡ് സ്കാര്‍സെല മുഖ്യ പ്രഭാഷണം നടത്തി.

ഗാല്‍വസ്റണ്‍-ഹൂസ്റണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ദാനിയേല്‍ ദിനാര്‍ഡോയുടെ ആശംസകള്‍ അറിയിച്ചുകൊണ്ടു മാര്‍ ജോര്‍ജ് എ ഷെല്‍ട്സ് സംസാരിച്ചു.
"ഈ ദേവാലയനിര്‍മാണ സാക്ഷാത്ക്കാര ചടങ്ങില്‍ അതീവ സന്തോഷത്തോടെയും ആത്മ നിര്‍വൃതിയോടെയുമാണു ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. സാമ്പത്തികമായ ഭാരം ഏറെ ഉണ്ടായിട്ടും ഏവരുടെയും അര്‍പ്പണബോധവും കഠിനാധ്വാനവും സുമനസ്സുമാണ് ഈ സ്വപ്നം പൂവണിഞ്ഞതിന്റെ പിന്നില്‍. യഥാര്‍ഥ സഭയെന്നു പറയുന്നത് നാം ഓരോരുത്തരുമാണ്. ആ വികാരം എത്രമേല്‍ മറ്റുള്ളവരുമായി പങ്കിട്ടുകൊണ്ടു വിശ്വാസത്തിന്റെ ഉന്നതിയിലെത്താന്‍ ശ്രമിക്കുമ്പോഴാു സമന്വയവും കൂട്ടായ്മയും സാധ്യമാകുന്നത്. ഈ ദേവാലയം ഇവിടുത്തെ ജനങ്ങളുടെ പരസ്പര സ്നേഹത്തിന്റെയും ഒരുമയോടുള്ള പ്രവര്‍ത്തനത്തിന്റെയും മകുടോദാഹരണമായി പരിലസിക്കട്ടെ.'' ഡോ. തോമസ് മാര്‍ യൌസേബിയോസ് തിരുമേനി പറഞ്ഞു. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയുടെ ആശംസയും അനുഗ്രഹവും ആത്മീയപിന്തുണയുമാണു സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനു കാരണമായതെന്നു തിരുമേനി അറിയിക്കുകയുണ്ടായി. "നമ്മള്‍ ജീവിക്കുന്ന കാലഘട്ടം സഭകള്‍ തമ്മിലുള്ള ഒരുമയുടെ മഹനീയ നാളുകളിലേക്കാണ് ഊന്നല്‍ നല്‍കുന്നത്. ഭാരതത്തിന്റെ എക്കാലത്തെയും പ്രത്യേകതയായ നാനാത്വത്തില്‍ ഏകത്വം എന്ന അതേ മന്ത്രമാണ് 22 റീത്തുകള്‍ ചേരുന്ന ആഗോള കത്തോലിക്കാ സഭയുടെ പ്രത്യേകതയും. ആ സഭയുടെ ആരാധനാ ക്രമം പൌരാണികമായ വിശ്വാസത്തിന്റെ ഈടുറ്റ സ്വത്താണ്. ആ പാരമ്പര്യത്തെ, വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് അത് കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ നിങ്ങളെ ഓരോരുത്തരെയും ഹൃദയംഗമമായി ആശംസിക്കുന്നു'' മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു.
പൊതു സമ്മേളനത്തില്‍ സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു, മുന്‍വികാരി ഫാ. ജോബ് കല്ലുവിളയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശാഖാ പ്രതിനിധി മാധവദാസ്, ഗുരുവായൂരപ്പക്ഷേത്രത്തെ പ്രതിനിധാനം ചെയ്ത ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയര്‍ സംസാരിച്ചു. "ഈ ദേവാലയത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കാകുവാന്‍ സാധിച്ചത് പുണ്യമായി ഞാന്‍ കരുതുന്നു. പ്രവാസ ഭൂമിയില്‍ മലങ്കര സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി പോകുന്നതില്‍ ഏറ്റവും അഭിമാനിക്കുന്ന വ്യക്തികളില്‍ ഒരുവനാണ് ഞാന്‍. ഏവരുടെയും സഹകരണത്തിനും ആത്മീയ കൂട്ടായ്മയ്ക്കും ഇനിയും ദൈവം നിങ്ങളെയേവരേയും ധാരാളമായി അനുഗ്രഹിക്കട്ടെ''- ദേവാലയ കൂദാശയ്ക്കുവേണ്ടി മാത്രം അമേരിക്കയില്‍ എത്തിയ ഫാ. ജോബ് കല്ലുവിളയില്‍ പറഞ്ഞു. സ്നേഹവിരുന്നോടെ സമ്മേളന പരിപാടികള്‍ സമാപിക്കും മുമ്പ് ചടങ്ങില്‍ പങ്കെടുത്ത മുഖ്യാഥിതികളെയും ഈ സംരഭത്തിനുവേണ്ടി പ്രയത്നിച്ചവരെയും ആദരിച്ചു. ഇടവക വികാരി ഫാ. ജോണ്‍ എസ് പുത്തന്‍വിളയുടെ സ്നേഹ നിര്‍ഭരമായ പെരുമാറ്റവും ഇടവകാംഗങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുപോകുവാനുള്ള ഇച്ഛാശക്തിയുമാണ് ഈ ദേവാലയ നിര്‍മാണത്തിന്റെ വിജയകരമായ പരിസമാപ്തിയില്‍ എത്തിയത്. മലങ്കര സഭാമക്കളുടെ ആദരവിന്റെ പ്രതീകമായി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

പൊതുസമ്മേളനത്തില്‍ ജന. കണ്‍വീനര്‍ ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതവും ഇടവക സെക്രട്ടറി ഷാജി കല്ലൂര്‍ നന്ദിയും പറഞ്ഞു.മാര്‍ച്ച് എട്ടാം തീയതി (ഞായറാഴ്ച) രാവിലെ 9.30നു പ്രഭാതനമസ്കാരത്തോടു കൂടിയാണു ദേവാലയത്തിലെ പ്രഥമബലിയര്‍പ്പണം നടന്നത്. യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ബലിയര്‍പ്പണത്തില്‍ ഫാ. ജോബ് കല്ലുവിള, വികാരി ഫാ.ജോണ്‍ എസ് പുത്തന്‍വിള എന്നിവര്‍ സഹ കാര്‍മികരായിരുന്നു.കൂദാശയോടനുബന്ധിച്ച് ആദ്യ കുര്‍ബാന സ്വീകരണവും ഉണ്ടായിരുന്നു. കുര്‍ബാനയ്ക്കു ശേഷം 65 വയസ്സിനു മുകളിലുള്ള മുപ്പതോളം വരുന്ന മുതിര്‍ന്ന സഭാംഗങ്ങളെയും പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.

ഇടവക വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിള മുഖ്യാഥിതികള്‍ക്കും ഈ സംരഭത്തിനു വേണ്ടി പ്രയത്നിച്ചവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നോടെ രണ്ടു ദിവസം നീണ്ടു കൂദാശ ചടങ്ങുകള്‍ക്കു പരിസമാപ്തിയായി.