മാതൃഭാഷ രജതജൂബിലി; ഗൃഹാതുര ഓര്‍മകള്‍ ഉണര്‍ത്തിയ സാല്‍മിയ മേഖലാ സമ്മേളനം
Tuesday, March 10, 2015 7:01 AM IST
കുവൈറ്റ് സിറ്റി: 1990 മധ്യ വേനലവധിക്കാലത്ത് കലയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൌജന്യ മാതൃഭാഷ പഠനപദ്ധതി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ അ, അമ്മ, മലയാളം എന്നീ ആദ്യാക്ഷരങ്ങള്‍ കുറിച്ച ബ്ളാക്ക് ബോര്‍ഡുമായി തൃശൂര്‍ സ്വദേശി മോഹനന്‍ അയ്യര്‍ സാല്‍മിയ മേഖലാ സമിതി സംഘടിപ്പിച്ച മാതൃഭാഷ സമിതി യോഗത്തില്‍ എത്തിയതു കൌതുകകരമായി.

1990ല്‍ മാതൃഭാഷാ പഠനപദ്ധതിയില്‍ അധ്യാപികയായിരുന്ന കല മോഹന്‍ യുദ്ധാനന്തര കുവൈറ്റില്‍നിന്ന് ഉപജീവന മാര്‍ഗം തേടി മസ്കറ്റില്‍ പോയി മടങ്ങി വരുമ്പോള്‍ ഗൃഹാതുര ഓര്‍മകളായി സൂക്ഷിക്കുകയായിരുന്നു ഈ ബ്ളാക്ക്ബോര്‍ഡ് ഇത്രയുംകാലം. മാതൃഭാഷയുടെ മധുരിമ തിരിച്ചു പിടിക്കാന്‍ കലയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അഭിമാനത്തിലാണ് മോഹനനും കുടുംബവും. ചടങ്ങില്‍ ആദ്യാക്ഷരം എഴുതിയ ബോര്‍ഡ് ഭാഷാ സമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങി.

ഇരുപത്തിഅഞ്ചാം വാര്‍ഷിക പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കാന്‍ സാല്‍മിയ റെഡ് ഫ്ളെയിം ഓഡിറ്റോറിയത്തില്‍ രമേശ് കണ്ണപുരത്തിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സാംപൈനംമൂട്, രഘുനാഥന്‍ നായര്‍ എന്നിവര്‍ ഭാഷ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

കുവൈറ്റ് സമൂഹത്തിലെ വിവിധ തലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാജാ ശേഖരന്‍ നായര്‍, ജേക്കബ് ചന്നപെട്ട, വി. അനില്‍കുമാര്‍, വിനോദ് വി. നായര്‍, മോഹനന്‍ അയ്യര്‍, അനില്‍കുമാര്‍, കൃഷ്ണപ്പിള്ള, കെ.പി. സുരേഷ്, ജെ. സജി, സുരേഷ് മാസ്റര്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു സംസാരിച്ചു.

രജതജൂബിലി വര്‍ഷത്തിലെ സാല്‍മിയ മേഖലയിലെ ഭാഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഷിനോജ് മാത്യു കണ്‍വീനറും ശ്രീജിത്ത് ഗോപിനാഥ്, അജ്നാസ് ജോയിന്റ് കണ്‍വീനര്‍മാരുമായ മേഖല സമിതിയും കെ.പി. സുരേഷ്, കൃഷ്ണപിള്ള മോഹനന്‍, രാജശേഖരന്‍ നായര്‍, അനില്‍ യാത്ര കുവൈറ്റ്, വിനോദ് എ.പി. നായര്‍, ജേക്കബ് ഏബ്രഹാം, വി. അനില്‍ കുമാര്‍ എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളുമായ മേഖല സമിതിയും നിലവില്‍ വന്നു.

യോഗത്തിനെത്തിയവര്‍ക്ക് അരുണ്‍കുമാര്‍ സ്വാഗതവും ഷിനോജ് മാത്യു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍