നിര്‍ബന്ധ കാന്‍സര്‍ ചികിത്സ നല്‍കിയ പെണ്‍കുട്ടി രോഗവിമുക്തയായി
Tuesday, March 10, 2015 6:57 AM IST
കണക്ടിക്കട്ട്: കാന്‍സര്‍ ചികിത്സ നിരസിച്ച 17 വയസുകാരിക്ക് കോടതി ഇടപെട്ടു നിര്‍ബന്ധ ചികിത്സ നല്‍കി രോഗം പൂര്‍ണമായും ഭേദമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ അഭിഭാഷകനാണു വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്.

കസാന്‍ ഡ്രാ എന്ന പതിനേഴുകാരി പെണ്‍കുട്ടിക്കു കഴിഞ്ഞ സെപ്റ്റംബറിലാണ് ഹോഡ്ജികിന്‍ ലിംഫോമ എന്ന രോഗം കണ്െടത്തിയത്. ഡോക്ടര്‍മാര്‍ രോഗ ചികിത്സയ്ക്കായി നിര്‍ദേശിച്ച കീമോ തെറാപ്പി പൂര്‍ണമായും സ്വീകരിക്കുവാന്‍ യുവതി തയാറായില്ല.

'ഞാന്‍ എന്റെ ശരീരം കീമോ തെറാപ്പി മൂലം വിഷലിപ്തമാക്കുന്നതിന് തയാറല്ല' കസാന്‍ ഡ്രാ പറഞ്ഞു. ചികിത്സ ശരിയായി പൂര്‍ത്തീകരിച്ചാല്‍ 85 ശതമാനം രോഗം സുഖപ്പെടുമെന്നും അല്ലെങ്കില്‍ രണ്ടു വര്‍ഷത്തിനകം മരണം സംഭവിക്കുമെന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം ഇവര്‍ സ്വീകരിച്ചില്ല.

തുടര്‍ന്നു ഡോക്ടര്‍മാര്‍ വിവരം സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമലീസിന് കൈമാറി. താത്കാലിക കോടതി ഉത്തരവനുസരിച്ച് കുട്ടിയുടെ സംരക്ഷണം ഡിസിഎഫ് ഏറ്റെടുത്തു. കോടതി വിധി തത്കാലം നിര്‍ത്തി വയ്ക്കണെന്നാവശ്യപ്പെട്ടു കുട്ടിയും മാതാവും ചേര്‍ന്ന സമര്‍പ്പിച്ച അപ്പീല്‍ കോടതി നിരാകരിച്ചു.

സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും ഡിസിഎഫിന് അനുകൂലമായിരുന്നു വിധി. കോടതിയുടെ ഉത്തരവനുസരിച്ച് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയതിനുശേഷം നടത്തിയ പെറ്റ് സ്കാനില്‍ രോഗം പൂര്‍ണമായും ഭേദപ്പെട്ടതായി കണ്െടത്തി.

സെപ്റ്റംബില്‍ 18 വയസ് തികയുമ്പോള്‍ ചികിത്സയെക്കുറിച്ചു തീരുമാനമെടുക്കാനുളള സ്വാതന്ത്യ്രം കസാനു ലഭിക്കും. പതിനേഴാം വയസില്‍ ചികിത്സ നിഷേധിക്കുന്നതിനുളള പ്രായമായി പല സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍