ഭാരതമേ ഉണരുക, ജ്യോതി ഭാരതപുത്രി: ഷീല ചെറു
Tuesday, March 10, 2015 5:07 AM IST
ന്യൂയോര്‍ക്ക്: സമൂഹത്തിലെ ഉച്ചനീചത്വങ്ങളും, അപരിഷ്കൃതയും, സംസ്കാര ശൂന്യതയും, ദുഷ്ടതയും തുടച്ചു നീക്കി ഒരു നവഭാരതം കെട്ടിപ്പെടുക്കുന്നതിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു. ബിബിസി പുറത്തുവിട്ട 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ ആണ് ഷീല ഇക്കാര്യമറിയിച്ചത്.

ബിബിസിയുടെ 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററി തന്നെ കരയിപ്പിക്കുയും ലജ്ജിപ്പിക്കുകയുമുണ്ടായതായും മനുഷ്യര്‍ക്ക് ഇത്രമാത്രം ക്രൂരരാകുവാനും അധഃപതിക്കുവാനും കഴിയുമൊ എന്നു സംശയിക്കുന്നതായും ഷീല പറഞ്ഞു.

ഇന്ത്യയില്‍ ഇത്രയും മോശമായിട്ടാണല്ലോ സ്ത്രീകളെ കരുതുന്നതെന്ന് അതില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ മുകേഷ് സിംഗിന്റെ വിശദീകരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി. കൂടാതെ അതില്‍ വിദ്യാസമ്പന്നരെന്നുസ്വയം നടിക്കുന്ന പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ വളരെ ബാലിശവും സംസ്കാരശൂന്യവും വേദനിപ്പിക്കുന്നതുമായിരുന്നു. നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയത്തോടു പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗവീരന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണു താന്‍ കരുതുന്നതെന്നു ഷീല പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരതത്തിന്റെ സാംസ്കാരികമൂല്യങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റേതു സംസ്കാരങ്ങളെയും പോലെ ഉന്നതമാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹികദ്രോഹികളും സംസ്കാരശൂന്യരുമായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല. കര്‍ശന നിയമങ്ങളില്‍ക്കൂടി മാത്രമേ ഇത്തരം നീചമായ കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ ഭരണകര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസുകളാല്‍ ലോകത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടുപോയ നമ്മുടെ പ്രതിച്ഛായ വീണ്െടടുക്കാന്‍ ശ്രമിക്കുകയും വേണം. കൂടാതെ സമൂഹത്തിലെ അസമത്വങ്ങളും സംസ്കാര ശൂന്യതയും ദുഷ്ടതയും തുടച്ചു നീക്കി ഒരു നവഭാരതം കെട്ടിപ്പെടുക്കുന്നതിനായി ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയവുമാണിത്. അതിനായി നമുക്ക് കൈകോര്‍ക്കാമെന്നും അവര്‍ പറഞ്ഞു.