ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പറയെടുപ്പിനു വന്‍ വരവേല്‍പ്പ്
Monday, March 9, 2015 6:37 AM IST
ഓസ്റിന്‍: കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണില്‍ (ഡാളസ്) നിര്‍മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുളള പറയെടുപ്പ് ടെക്സസിന്റെ തലസ്ഥാനമായ ഓസ്റിനിലും ടെംബിള്‍ ടെക്സസിലും ഭക്തി സാന്ദ്രമായി നടന്നു.

ഡാളസ് ക്ഷേത്രത്തില്‍ നിന്നു കൊളുത്തിയ കെടാ വിളക്ക് ഗുരുവായൂരപ്പന്‍ ഭക്തരുടെ ഭവനങ്ങളിലെ നിലവിളക്കിലേക്ക് പകര്‍ന്നു. ദീപത്തെ സാക്ഷിയാക്കിയാണ് പറയിടല്‍ കര്‍മ്മം നടത്തിയത്. ടെംബിള്‍ ടെക്സസിലെ ഓംകാര ഗണപതി ക്ഷേത്രത്തിലും ഓസ്റിനിലെ ഹിന്ദു ക്ഷേത്രത്തിലും പറയെടുപ്പു സംഘത്തിനു ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്.

മേയ് 20 ന് നടക്കുന്ന പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ചു ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിക്കുന്ന താഴിക കുടത്തിനുളളില്‍ അര്‍പ്പിക്കുന്ന നവര നെല്ലിലേക്കുളള നാരായണ മന്ത്ര ജപവും പറയെടുപ്പിനോടനുബന്ധിച്ചു നടന്നു. ഭക്ത ജനപങ്കാളിത്തത്തിന്റെ പ്രതീകമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ക്കുവേണ്ടിയുളള നാണയ സമര്‍പ്പണവും ഈ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു.

മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷ്ഠാ കര്‍മ്മങ്ങളിലേക്ക് എല്ലാ ഭക്ത ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള, ട്രസ്റി ചെയര്‍ ഹരി പിളളയും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍